ഇംഫാൽ: രാഹുൽ ഗാന്ധിക്കെതിരെ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. മണിപ്പൂർ മെല്ലെ സാധാരണ നിലയിലേക്ക് എത്തുമ്പോൾ സാഹചര്യം വഷളാക്കാനാണോ രാഹുൽ വന്നതെന്ന് ബിരേൻ സിംഗ് ചോദിച്ചു. ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരിൽ നിന്ന് ആരംഭിച്ചതിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ജീവനും സ്വത്തും സംരക്ഷിക്കാനും സാന്ത്വനപ്പെടുത്താനുമുള്ള സമയമാണിത്. രാഷ്ട്രീയ റാലി നടത്താനുള്ള സമയമാണോ എന്ന് ചോദിച്ച ബിരേൻ സിംഗ്, യാത്രയിലൂടെ യഥാർത്ഥത്തിൽ ഭാരതത്തെ തകർക്കുകയാണെന്ന് കുറ്റപ്പെടുത്തി.
ഇന്ന് വൈകീട്ടോടെ മണിപ്പൂരിലെ തൗബാലിലെ കോങ്ജോമില് നിന്നാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിച്ചത്. 66 ദിവസം നീണ്ടുനിൽക്കുന്ന യാത്ര മാര്ച്ച് 20 ന് മുംബൈയിലാണ് സമാപിക്കുക. അസം, നാഗാലാന്ഡ്, ബംഗാള്, മധ്യപ്രദേശ്, ഉത്തര്പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിങ്ങനെ 15 സംസ്ഥാനങ്ങളിലൂടെ യാത്ര കടന്ന് പോകും. ബസിലും കാല് നടയുമായി നീങ്ങുന്ന യാത്ര 6,713 കിലോമീറ്റര് സഞ്ചരിക്കും. 110 ജില്ലകളില് യാത്ര എത്തും.
യാത്രയുടെ ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രിയെ രാഹുൽ ഗാന്ധി കടന്നാക്രച്ചിരുന്നു. ഇത്രയും പ്രശ്നങ്ങൾ മണിപ്പൂരിലുണ്ടായിട്ടും പ്രധാനമന്ത്രി ഇതുവരെ സംസ്ഥാനത്ത് എത്തിയില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി ജനങ്ങളുടെ കണ്ണീർ തുടയ്ക്കുകയോ അവരെ ചേർത്തു പിടിക്കുകയോ ചെയ്തില്ല. ജനങ്ങളുടെ വേദന മോദിക്ക് പ്രശ്നമല്ല. എന്നാൽ മണിപ്പൂരിലെ വേദന താൻ മനസിലാക്കുവെന്ന് മണിപ്പൂർ സന്ദർശനം ഓർമിപ്പിച്ച് രാഹുൽ പറഞ്ഞു.
ജനങ്ങളുടെ വേദന മോദിക്ക് പ്രശ്നമല്ല, മണിപ്പൂരിന്റെ വേദന ഞാൻ മനസ്സിലാക്കുന്നു: രാഹുൽ ഗാന്ധിമണിപ്പൂരിൻ്റ നഷ്ടങ്ങൾ താൻ മനസ്സിലാക്കുന്നുവെന്നും അതിനാലാണ് മണിപ്പൂരിൽ നിന്ന് യാത്ര തുടങ്ങണമെന്ന് താൻ ദൃഢനിശ്ചയമെടുത്തതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മണിപ്പൂരിൻ്റ നഷ്ടങ്ങൾ മനസ്സിലാക്കുന്നു, മണിപ്പൂരിൽ സമാധാനം കൊണ്ടുവരും. മണിപ്പൂരിൽ സന്തോഷവും സാഹോദര്യവും തിരിച്ചെത്തിക്കുമെന്ന് സത്യം ചെയ്യുന്നു. ജനങ്ങൾക്ക് പറയാനുള്ളത് മുഴുവൻ യാത്രയിൽ കേൾക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.