ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ചൊവ്വാഴ്ച ഉച്ചയോടെ മറ്റൊരു ചീറ്റ കൂടി ചത്തു. ഇതോടെ ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് ചീറ്റകളെ കൊണ്ടുവന്ന ശേഷം ചത്ത പത്താമത്തെ ചീറ്റയാണിത്. നമീബിയയിൽ നിന്നെത്തിച്ച ശൗര്യയെന്ന ചീറ്റയാണ് ചത്തത്. മരണകാരണം പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യക്തമാകുമെന്ന് നാഷണൽ പാർക്കുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പ്രസ്താവനയിൽ വ്യക്തമാക്കി.
കുനോ ദേശീയ ഉദ്യാനത്തിൽ ഇതുവരെ മുതിർന്ന ഏഴ് ചീറ്റകളും മൂന്ന് കുഞ്ഞുങ്ങളും അടക്കം പത്ത് ചീറ്റകളാണ് ഇതുവരെ ചത്തത്. വിവിധ അണുബാധകളാണ് ചീറ്റകൾ ചാവാൻ കാരണമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
2020 ഓഗസ്റ്റ് രണ്ടിനാണ് കുനോയിൽ ഒമ്പതാമത്തെ ചീറ്റ ചത്തത്. ചീറ്റകളുടെ മരണം രാഷ്ട്രീയ വിവാദമായും മാറിയിരുന്നു. മഴക്കാലത്ത് പ്രാണികൾ മൂലമുണ്ടാകുന്ന അണുബാധയാണ് കഴിഞ്ഞ രണ്ട് മരണങ്ങൾക്ക് കാരണമെന്ന് സർക്കാർ പാർലമെൻ്റിൽ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്ത് ചീറ്റകൾക്ക് വംശനാശം സംഭവിച്ചതായി 1952ൽ പ്രഖ്യാപിക്കപ്പെട്ടിരുന്നു. രാജ്യത്ത് ചീറ്റകളുടെ എണ്ണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച പ്രൊജക്ട് ചീറ്റ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ആഫ്രിക്കയിൽ നിന്നും ചീറ്റകളെ ഇറക്കുമതി ചെയ്തത്.
നമീബയയിൽ നിന്ന് 2022ൽ എട്ട് ചീറ്റകളെയും 2023ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെയുമാണ് രണ്ട് ബാച്ചായി ഇറക്കുമതി ചെയ്തത്. അഞ്ച് ആണ്, മൂന്ന് പെണ് ചീറ്റകള് ഉള്പ്പെടെ നമീബിയയില് നിന്നെത്തിച്ച എട്ട് ചീറ്റകളെ 2022 സെപ്തംബര് 17ന് കുനോയിലേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് വിട്ടതോടെയാണ് പദ്ധതി രാജ്യം ശ്രദ്ധിക്കാൻ തുടങ്ങിയത്. 2023 ഫെബ്രുവരി 12ന് ദക്ഷിണാഫ്രിക്കയില് നിന്ന് എത്തിച്ച 12 ചീറ്റകളെയും കുനോയില് തുറന്നുവിട്ടിരുന്നു. കുഞ്ഞുങ്ങൾ ഉൾപ്പെടെ പത്ത് ചീറ്റകൾ ചത്തതോടെ ഇപ്പോൾ കുനോയിൽ ശേഷിക്കുന്നത് 14 ചീറ്റകളാണ്.
കുനോ നാഷണൽ പാർക്കിലെ ചീറ്റകളിലൊന്നായ ആശ ഈ വർഷം ആദ്യം മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. നേരത്തെ 2023 മാർച്ചിൽ സിയായ എന്ന ചീറ്റ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. എന്നാൽ അവയിൽ മൂന്നെണ്ണവും ചത്തിരുന്നു. ഇപ്പോൾ 10 മുതിർന്ന ചീറ്റകളും നാല് കുഞ്ഞുങ്ങളും അടക്കം 14 ചീറ്റകളാണ് കുനോയിൽ അവശേഷിക്കുന്നത്. നേരത്തെ ചീറ്റകൾ ചാവുന്ന വിഷയം സുപ്രീം കോടതിയിലും എത്തിയിരുന്നു.