ചെന്നൈ: 'അന്നപൂരണി' എന്ന സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ ക്ഷമ ചോദിച്ച് നയൻതാര. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലാണ് താരം ക്ഷമാപണക്കുറിപ്പ് പങ്കുവെച്ചത്. 'ജയ് ശ്രീ റാം' തലക്കെട്ടോടെ ആരംഭിക്കുന്ന കുറിപ്പിൽ താൻ തികഞ്ഞ ദൈവ വിശ്വാസിയാണെന്നും ആരുടെയും വിശ്വാസത്തെ ഹനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും നയൻതാര അറിയിച്ചു.
സെൻസർ ബോർഡ് അനുമതിയുള്ള ചിത്രം ഒടിടിയിൽ എത്തുമ്പോൾ വിവാദമാകുമെന്ന് കരുതിയില്ല. താനും സിനിമയുടെ മറ്റ് അണിയറപ്രവർത്തകരും ആരുടേയും മതവികാരങ്ങളെ വൃണപ്പെടുത്തണമെന്ന് ചിന്തിച്ചിട്ടില്ല. രാജ്യത്തെമ്പാടുമുള്ള ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തുന്ന ഒരു വിശ്വാസി എന്ന നിലയിൽ അത്തരമൊരു പ്രവർത്തി താൻ ചെയ്യുകയുമില്ലെന്ന് നടി പറഞ്ഞു.
ഡിസംബർ ഒന്നിനാണ് അന്നപൂരണി തിയേറ്ററുകളിൽ എത്തിയത്. കാര്യമായ ചലനമുണ്ടാക്കാതെ പോയ സിനിമ ഡിസംബർ 29ന് നെറ്റ്ഫ്ലിക്സിൽ എത്തി. പിന്നാലെ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയും നിരവധിപ്പേർ മതവികാരം വൃണപ്പെട്ടുവെന്ന് ആരോപിച്ച് പരാതികളുമായി രംഗത്തുവരികയും ചെയ്തു. പിന്നാലെ ചിത്രം നെറ്റ്ഫ്ലിക്സ് പിൻവലിച്ചിരുന്നു.
'ഇന്ത്യൻ സിനിമ മുമ്പ് കണ്ടിട്ടില്ലാത്തത്'; വാലിബൻ ട്രെയ്ലർ മോഹൻലാൽ പറഞ്ഞതിനും മേലെക്ഷേത്ര പൂജാരിയുടെ മകളായ അന്നപൂരണി രംഗരാജൻ എന്ന കഥാപാത്രത്തെയാണ് നയൻതാര ചിത്രത്തിൽ അവതരിപ്പിച്ചത്. ഒരു പാചകവിദഗ്ധയാവാൻ ആഗ്രഹിക്കുന്നയാളാണ് കഥാപാത്രം. ജയ് അവതരിപ്പിക്കുന്ന ഫർഹാൻ എന്ന കഥാപാത്രമാണ് ചിത്രത്തിലെ നായകൻ. സസ്യേതര ഭക്ഷണം പാകം ചെയ്യാൻ പല പ്രതിസന്ധികളും അന്നപൂരണി നേരിടുന്നുണ്ട്. ശ്രീരാമൻ മാംസഭുക്ക് ആയിരുന്നുവെന്ന് ജയ് നയൻതാരയുടെ കഥാപാത്രത്തോട് പറയുന്നുണ്ട്. ബിരിയാണി പാകം ചെയ്യുന്നതിന് മുമ്പ് അന്നപൂരണി നിസ്കരിക്കുന്നുമുണ്ട്.