ന്യൂഡൽഹി: ബിഹാർ മുൻ മുഖ്യമന്ത്രി കർപൂരി താക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരത് രത്ന പുരസ്കാരം. ജൻ നായക് എന്നാണറിയപ്പെട്ടിരുന്ന കർപൂരി താക്കൂർ ബിഹാറിൻ്റെ പതിനൊന്നാമത് മുഖ്യമന്ത്രിയാണ്. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കർപൂരി താക്കൂർ ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുത്തിട്ടുണ്ട്. സോഷ്യലിസ്റ്റ് പാർട്ടി നേതാവായിരുന്നു കർപൂരി താക്കൂർ. പിന്നീട് ജനതാ പാർട്ടിയുടെ ഭാഗമായ കർപൂരി താക്കൂർ ജനതാപാർട്ടി പിളർന്നപ്പോൾ ചരൺസിങ്ങ് വിഭാഗത്തിനൊപ്പം നിലയുറപ്പിച്ചു.
പാവപ്പെട്ടവരുടെ നേതാവായി അറിയപ്പെടുന്ന കര്പ്പൂരി താക്കൂറാണ് പിന്നാക്ക വിഭാഗങ്ങള്ക്ക് സര്ക്കാര് ജോലിയില് 1978ല് സംവരണം ഏര്പ്പെടുത്തുന്നത്. സംയുക്ത സോഷ്യലിസ്റ്റ് പാര്ട്ടിയുടെ പ്രസിഡന്റായും കര്പ്പൂരി താക്കൂര് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ബിഹാറില് നിന്നുള്ള സോഷ്യലിസ്റ്റ് നേതാക്കളായ ലാലു പ്രസാദ് യാദവ്, നിതിഷ് കുമാര്, റാം വിലാസ് പസ്വാന്, ദേവേന്ദ്രപ്രസാദ് യാദവ് എന്നീ നേതാക്കളുടെ രാഷ്ട്രീയ ഗുരുനാഥനായി കണക്കാക്കപ്പെടുന്ന നേതാവാണ്
ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുമ്പോഴാണ് ബിഹാറിൽ നിന്നുള്ള പിന്നാക്കവിഭാഗത്തിലെ സോഷ്യലിസ്റ്റ് നേതാവിന് രാജ്യത്തെ പരമോന്നത ബഹുമതി സമ്മാനിക്കുന്നത് എന്നതാണ് ശ്രദ്ധേയം.