ന്യൂഡല്ഹി: പശ്ചിമ ബംഗാള് മുഖ്യമന്ത്രി മമതാ ബാനര്ജിയുമായി അടുത്ത ബന്ധമെന്ന് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി എംപി. സീറ്റ് പങ്കിടല് സംബന്ധിച്ച ചര്ച്ച പുരോഗമിക്കുകയാണെന്നും രാഹുല് ഗാന്ധി പറഞ്ഞു. ചര്ച്ചയുടെ ഫലങ്ങള് പുറത്തുവരും, അതിനെക്കുറിച്ച് പ്രതികരിക്കാനില്ല. എന്നാല് മമത ബാനര്ജി തന്നോടും കോണ്ഗ്രസ് പാര്ട്ടിയോടും വളരെ അടുപ്പമുള്ളയാളാണെന്ന് രാഹുല് വിശദീകരിച്ചു.
'അതെ, കോണ്ഗ്രസും തൃണമൂല് കോണ്ഗ്രസും പരസ്പരം വിമര്ശിക്കും. അതൊക്കെ സ്വാഭാവികമാണ്. അതൊന്നും ഇരു പാര്ട്ടികളുടെയും ഭിന്നിപ്പിലേക്ക് പോകില്ല.' രാഹുല് ഗാന്ധി പറഞ്ഞു. മമതാ ബാനര്ജി അവസരവാദിയാണെന്നും അവര്ക്കൊപ്പം തിരഞ്ഞെടുപ്പില് മത്സരിക്കാനില്ലെന്നും കോണ്ഗ്രസ് നേതാവ് അതിര് രഞ്ജന് ചൗധരി വിമര്ശിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. ഒറ്റക്ക് തിരഞ്ഞെടുപ്പിനെ നേരിടാന് കോണ്ഗ്രസിന് അറിയാമെന്നും മമതയുടെ സഹായം ആവശ്യമില്ലെന്നും അധിര് രഞ്ജന് പറഞ്ഞിരുന്നു,
സഖ്യത്തിനില്ല, ഒറ്റക്ക് മത്സരിക്കുമെന്ന സൂചന കഴിഞ്ഞദിവസം മമതയും നല്കിയിരുന്നു. ബിജെപിയെ ഒറ്റക്ക് നേരിടാന് ടിഎംസിക്ക് കഴിയുമെന്ന് പ്രഖ്യാപിച്ച മമത സിപിഐഎം ഇന്ത്യ മുന്നണി അജന്ഡകളെ ഹൈജാക്ക് ചെയ്യുവെന്നും വിമര്ശിച്ചിരുന്നു.