ഭോപ്പാൽ: ഹണിമൂൺ വാഗ്ദാനം ചെയ്ത് അതിൽ മാറ്റം വരുത്തിയ ഭര്ത്താവിൽ നിന്ന് ഭാര്യ വിവാഹമോചനം തേടി. ഗോവയിലേയ്ക്ക് ഹണിമൂൺ പോകാമെന്നായിരുന്നു ഭര്ത്താവിന്റെ വാഗ്ദാനം എന്നാൽ പിന്നീട് ഭാര്യയുടെ അഭിപ്രായം തേടാതെ അതിൽ മാറ്റം വരുത്തുകയായിരുന്നു. ഗോവയിൽ ഹണിമൂൺ വാഗ്ദാനം ചെയ്തെങ്കിലും പകരം അയോധ്യയിലേക്കും വാരണാസിയിലേക്കും കൊണ്ടുപോയി എന്നാരോപിച്ച് ഭോപ്പാൽ സ്വദേശിയാ. യുവതിയാണ് ഭർത്താവിൽ നിന്ന് വിവാഹമോചനം തേടിയിരിക്കുന്നത്. ദമ്പതികളുടെ യാത്ര കഴിഞ്ഞ് 10 ദിവസത്തിന് ശേഷമാണ് കേസ് കുടുംബ കോടതിയിലെത്തിയത്. ഫ്രീ പ്രസ് ജേണലാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തത്.
തന്റെ ഭർത്താവിന് ഐടി മേഖലയിലാണ് ജേലി, ആയതിനാൽ നല്ല വരുമാനം ഉണ്ട്. താനും ജോലി ചെയ്യുന്നുണ്ട്. അതിനാൽ വിദേശത്തേക്ക് ഹണിമൂണിന് പോകുന്നത് തങ്ങൾക്ക് വലിയ പ്രയാസമുള്ള കാര്യമല്ലായെന്നും യുവതി ഹർജിയിൽ അവകാശപ്പെട്ടു. എന്നാൽ മാതാപിതാക്കളെ നോക്കേണ്ടതിനാൽ വിദേശയാത്ര സാധ്യമല്ലായെന്നും പകരം ഇന്ത്യയിലെ ഒരു സ്ഥലം തിരഞ്ഞെടുക്കാമെന്നും ഭർത്താവ് സമ്മതിച്ചിരുന്നു.
ഗോവയിലേക്കും ദക്ഷിണേന്ത്യയിലേക്കും ഒരു യാത്രയ്ക്ക് ഭാര്യ സമ്മതിച്ചു. എന്നാൽ പിന്നീട് ഭാര്യയുടെ സമ്മതം കൂടാതെ ഭർത്താവ് അയോധ്യയിലേക്കും വാരാണസിയിലേക്കും വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുമ്പ് ആ നഗരം സന്ദർശിക്കാൻ തന്റെ അമ്മ ആഗ്രഹിച്ചതിനാൽ അവർ അയോധ്യയിലേക്ക് പോകുകയാണെന്ന കാര്യം യാത്രയ്ക്ക് ഒരു ദിവസം മുമ്പാണ് ഭർത്താവ് അറിയിച്ചത്. തന്റെ ആഗ്രഹത്തെ മാനിച്ചില്ല. പറഞ്ഞ വാക്ക് പാലിച്ചില്ല. അതിനാലാണ് വിവാഹമോചനം തേടിയതെന്ന് യുവതി പറഞ്ഞു.