പട്ന: ബിഹാര് മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന്റെ എന്ഡിഎ പ്രവേശനം സംബന്ധിച്ച അഭ്യൂഹം ശക്തമായ സാഹചര്യത്തില് തിരക്കിട്ട രാഷ്ട്രീയ നീക്കളുമായി പാര്ട്ടികള്. ആര്ജെഡി നേതാവ് തേജസ്വി യാദവ് വൈകിട്ട് വസതിയില് പാര്ട്ടി നേതാക്കളുടെ യോഗം വിളിച്ചു. സമാനമായ സമയത്ത് ന്യൂ ഡല്ഹിയില് ബിജെപി നേതൃയോഗം ചേര്ന്നു. ബിജെപി ദേശീയ അധ്യക്ഷന് ജെപി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ജനറല് സെക്രട്ടറി ബി എല് സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. ബിഹാറിലെ രാഷ്ട്രീയ നീക്കമായിരുന്നു യോഗത്തിലെ പ്രധാന അജണ്ട.
നാളെ ബിജെപി സംസ്ഥാന നേതൃയോഗവും കോണ്ഗ്രസ് എംഎല്എമാരുടെ യോഗവും വിളിച്ചിട്ടുണ്ട്. കോണ്ഗ്രസിലെ 19 എംഎല്എമാരില് 10 പേര് ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനകള്ക്കിടെയാണ് കോണ്ഗ്രസ് യോഗം വിളിച്ചത്. പട്നയില് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം ചേരുക. എന്നാല് എംഎല്എമാര് കളം മാറിയെക്കുമെന്ന വാര്ത്ത ബിഹാറിലെ കോണ്ഗ്രസ് നേതാക്കള് തള്ളി.
ഇന്ഡ്യ മുന്നണിയോടൊപ്പം ഉറച്ച് നില്ക്കും, കോണ്ഗ്രസ് ആത്മപരിശോധന നടത്തണം; ജെഡിയുഅതിനിടെ നിതീഷ് കുമാര് ജെഡിയു നേതാക്കളുടെ യോഗം വിളിച്ചു. ഞായറാഴ്ച്ച രാവിലെ 10 മണിക്ക് പട്നയിലാണ് യോഗം. യോഗത്തില് പങ്കെടുക്കാന് എംഎല്എമാര്ക്കും എംപിമാര്ക്കും നിര്ദേശം നല്കി. ഇന്ന് നിതീഷ് കുമാര് മുതിര്ന്ന ജെഡിയു നേതാക്കളുമായി ചര്ച്ച നടത്തിയിരുന്നു. ഇതിന് പുറമേ ആര്ജെഡി നേതാക്കളും മന്ത്രിമാരും ലാലു പ്രസാദ് യാദവിന്റെ വസതിയില് യോഗം ചേര്ന്നിരുന്നു. ജെഡിയു സംസ്ഥാന ഉപാധ്യക്ഷന് വസിഷ്ഠ് നാരായണ് സിങ്, മുന് ദേശീയ അദ്ധ്യക്ഷന് ലാലന് സിങ്, മന്ത്രിമാരായ വിജയ് കുമാര് ചൗധരി, അശോക് ചൗധരിയുമാണ് നീതിഷുമായി കൂടിക്കാഴ്ച നടത്തിയത്.
രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിച്ച് നില്ക്കേ സംസ്ഥാനത്തെ ഒരുപാട് ഉദ്യോഗസ്ഥരെ ഇന്ന് സ്ഥലം മാറ്റിയിട്ടുണ്ട്. പാറ്റ്ന ജില്ലാ മജിസ്ട്രേറ്റ് ഉള്പ്പെടെയുള്ളവരെയാണ് സ്ഥലം മാറ്റിയത്. അതേ സമയം, നിതീഷ് കുമാര് എന്ഡിഎയില് ചേര്ന്നാലും അതൊരു പ്രശ്നമല്ലെന്നാണ് തൃണമൂല് കോണ്ഗ്രസ് ഉന്നതവൃത്തങ്ങളുടെ പ്രതികരണം. അത് തേജസ്വി യാദവിന് തിരഞ്ഞെടുപ്പുകളില് ഗുണം ചെയ്യും. നിതീഷിന് നേരത്തെ തന്നെ ജനപ്രീതി നഷ്ടപ്പെട്ടിട്ടുണ്ടെന്നും അവര് പറഞ്ഞു.