ന്യൂഡൽഹി: ചംപയ് സോറൻ ജാർഖണ്ഡിൻ്റെ പുതിയ മുഖ്യമന്ത്രി. മുതിർന്ന നേതാവും ഹേമന്ദ് സോറൻ മന്ത്രിസഭയിലെ അംഗവുമായ ചംപയ് സോറനെ മുഖ്യമന്ത്രിയായി ജെഎംഎം പ്രഖ്യാപിച്ചു. ഇതിനിടെ നിലവിലെ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഭരണകക്ഷി എംഎൽഎമാർക്കൊപ്പം രാജ്ഭവനിലെത്തി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് ഒപ്പമാണ് ഹേമന്ത് സോറൻ രാജ്ഭവനിൽ എത്തിയത്. ഗവർണറുമായുളള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സോറനെ ഇഡി അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോർട്ട്. സോറനെ കസ്റ്റഡിയിലെടുത്തതായി ഇഡി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇ ഡിയുടെ ചോദ്യം ചെയ്യലിന് വിധേയനായ ഹേമന്ത് സോറൻ നേരത്തെ രാജി സമർപ്പിച്ചിരുന്നു.
ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ഭരണകക്ഷിയായ ജെഎംഎം-കോൺഗ്രസ്-ആർജെഡി സഖ്യം മുതിർന്ന ജെഎംഎം നേതാവ് ചംപെയ് സോറൻ്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചതായി സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രാജേഷ് താക്കൂർ പറഞ്ഞു. ചംപെയ് സോറനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തുവെന്ന് ജെഎംഎം എംഎൽഎമാർ അറിയിച്ചു. ജാർഖണ്ഡിലെ ഗോത്ര വിഭാഗം നേതാവും മുതിർന്ന രാഷ്ട്രീയ പ്രവർത്തകനുമാണ് ചംപെയ് സോറൻ. ഗതഗതം, പട്ടിക ജാതി-പട്ടിക വർഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രിയാണ് ചംപെയ് സോറൻ. 2005 ൽ ആണ് ആദ്യമായി അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
#WATCH | Ranchi: ED Officials leave from Jharkhand CM Hemant Soren's residence pic.twitter.com/YZw3mi00NO
— ANI (@ANI) January 31, 2024
മുഖ്യമന്ത്രിയുടെ വീടിനും രാജ്ഭവനും സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇഡി ഓഫീസിന് സമീപം നൂറ് മീറ്റർ പരിധിയിലും നിരോധനാജ്ഞയാണ്. റാഞ്ചിയിൽ സോറന്റെ വീടിനു മുന്നിൽ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചും ഇഡിക്കുമെതിരെ പ്രതിഷേധിച്ചും ജെഎംഎം എംഎൽഎമാർ തടിച്ചുകൂടിയിരുന്നു. സ്ഥലത്ത് പൊലീസ്, സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ വീഴാതിരിക്കാൻ ജെഎംഎം എംഎൽഎമാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനും ശ്രമം തുടങ്ങി. രണ്ടു ബസുകളിലായി എംഎൽഎമാരെ മാറ്റിയേക്കും.
ഹേമന്ത് സോറന്റെ പരാതിയിൽ എസ് സി, എസ്ടി നിയമപ്രകാരം ജാർഖണ്ഡ് പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇഡി ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞായിരുന്നു പരാതി. മുഖ്യമന്ത്രി സ്ഥാനാത്തേക്ക് സോറന്റെ ഭാര്യ കൽപ്പന സോറൻ്റെ പേര് നിർദ്ദേശിക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ചംപെയ് സോറനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. മുഖ്യമന്ത്രിയായാൽ നിലവിൽ എംഎൽഎ അല്ലാത്ത കൽപ്പന ആറ് മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ് നേരിടേണ്ടിവരും.
അനധികൃതമായി ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റിയതുമായി ബന്ധപ്പെട്ട കുംഭകോണക്കേസിലാണ് സോറനെ ഇഡി ചോദ്യം ചെയ്തത്. ഇഡിക്ക് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടും ഹേമന്ത് സോറൻ ഹാജരാകാൻ തയ്യാറാകാത്തതിനെ തുടർന്ന് സോറനെ തിരഞ്ഞ് ഇഡി ഡൽഹിയിലെ വസതിയിലെത്തിയിരുന്നു. എന്നാൽ ഇവിടെ സോറനെ കണ്ടെത്താനായിരുന്നില്ല. പിന്നാലെ സോറന്റെ കാർ ഇഡി പിടിച്ചെടുത്തിരുന്നു. കേസിൽ ഇതുവരെ 14 പേരെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 20112 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ ഛാവി രഞ്ജൻ അടക്കം ഉൾപ്പെടും.
ഇഡി ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നു; പൊലീസിൽ പരാതിയുമായി ഹേമന്ത് സോറൻജാർഖണ്ഡിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ ജനുവരി 20ന് ഏഴ് മണിക്കൂറോളം സോറനെ ഇഡി ചോദ്യം ചെയ്തിരുന്നു. സോറന്റെ റാഞ്ചിയിലെ ഔദ്യോഗിക വസതിയിലായിരുന്നു ചോദ്യം ചെയ്യൽ. തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഭയപ്പെടുന്നില്ലെന്നും വെടിയുണ്ടകളെ നേരിടുമെന്നുമാണ് ചോദ്യം ചെയ്യലിന് ശേഷം പ്രവർത്തകരോട് സംവദിക്കവെ അന്ന് സോറൻ പറഞ്ഞത്.