ജാർഖണ്ഡ് മുഖ്യമന്ത്രി; ചംപയ് സോറൻ്റെ സത്യപ്രതിജ്ഞ ഉടൻ

ഗതാഗത മന്ത്രിയും ഹേമന്ത് സോറൻ്റെ വിശ്വസ്തനുമാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പുതിയതായി നിയോഗിതനായ ചംപയ് സോറൻ

dot image

ന്യൂഡൽഹി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപയ് സോറൻ ഉടൻ സത്യപ്രതിജ്ഞ ചെയ്യും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ചംപയ് സോറനെ മുഖ്യമന്ത്രിയാക്കാൻ ജാർഖണ്ഡ് മുക്തി മോർച്ച തീരുമാനിച്ചത്. മഹാസഖ്യം എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാനും ആലോചനയുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിമയസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ മഹാഖഡ്ബന്ധൻ സർക്കാരിന് നിലവിലെ സംഭവങ്ങൾ ഭീഷണിയാകില്ലെന്നാണ് സൂചന. 29 അംഗങ്ങളുള്ള ജെഎംഎം, 16 അംഗങ്ങളുള്ള കോൺഗ്രസ്, ഓരോ അംഗങ്ങൾ വീതമുള്ള സിപിഐഎംഎൽ, ആർജെഡി എന്നിവരുടെ സഖ്യത്തിലാണ് ജെഎംഎം സർക്കാർ ജാർഖണ്ഡിൽ അധികാരത്തിലിരിക്കുന്നത്. പ്രതിപക്ഷത്തുള്ള എൻഡിഎ മുന്നണിയിൽ 32 അംഗങ്ങളാണുള്ളത്.

ഗതാഗത മന്ത്രിയും ഹേമന്ത് സോറൻ്റെ വിശ്വസ്തനുമാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പുതിയതായി നിയോഗിതനായ ചംപയ് സോറൻ. ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്യുകയാണെങ്കിൽ പങ്കാളി കല്പന സോറനെ മുഖ്യമന്ത്രിയാക്കാനായിരുന്നു ജെഎംഎമ്മിൻ്റെ ആദ്യ തീരുമാനം. എംഎൽഎ അല്ലാത്ത കൽപ്പന ആറ് മാസത്തിനകം നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ജാർഖണ്ഡിൽ ഒരു ഉപതിരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നത് കൽപ്പനയുടെ സാധ്യതയ്ക്ക് മങ്ങലേൽപ്പിക്കുകയായിരുന്നു. കൽപ്പനയെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയർത്തുന്നത് ജെഎംഎമ്മിൽ ചില പൊട്ടിത്തെറികൾ ഉണ്ടാകുമോ എന്ന് ഭയന്നാണ് ചംപയ് സോറനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്.

ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. രാജ്ഭവനിൽ എത്തി രാജി കൈമാറിയതിന് പിന്നാലെയാണ് അറസ്റ്റ്. ഇഡിയുടെ പല ചോദ്യങ്ങൾക്കും സോറന് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല എന്നാണ് വിവരം. കഴിഞ്ഞ ദിവസം ദില്ലിയിലെ പരിശോധനയിൽ പിടിച്ചെടുത്ത 36 ലക്ഷം രൂപയും കാറും അനധികൃത ധന സമ്പാദനത്തിലൂടെ ഹേമന്ത് സോറൻ സ്വന്തമാക്കിയതാണ് എന്ന് ഇഡി ആരോപിച്ചു. സോറന് എതിരായ നടപടി രാഷ്ട്രീയ പ്രേരിതം എന്നാണ് ജെഎംഎം ആരോപണം. അറസ്റ്റിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കാനാണ് ജെഎംഎം തീരുമാനം. ഇൻഡ്യ സഖ്യത്തെ കൂടി പ്രതിരോധത്തിൽ ആക്കുന്നതാണ് അറസ്റ്റ്. സോറന് എതിരായ ഇ ഡി നടപടി ലോക്സഭാ തിരഞ്ഞെടുപ്പിൽ അടക്കം പ്രചാരണ ആയുധമാക്കാനാണ് ബിജെപി തീരുമാനം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us