റാഞ്ചി: ജാര്ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ഹേമന്ത് സോറന്. ഭൂമി കുംഭകോണക്കേസിൽ കസ്റ്റഡിയിലെടുത്തതോടെയാണ് ഹേമന്ത് സോറന്റെ രാജി. രാജ്ഭവനിലെത്തി ഗവര്ണറെ കണ്ട് രാജിക്കത്ത് കൈമാറി. ഹേമന്ത് സോറന്റെ അറസ്റ്റ് ഉടന് രേഖപ്പെടുത്തുമെന്നാണ് വിവരം. ഗതാഗതമന്ത്രിയായിരുന്ന ചംപെയ് സോറന് അടുത്ത മുഖ്യമന്ത്രിയാകും.
അനധികൃതമായി ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റിയതുമായി ബന്ധപ്പെട്ട കുംഭകോണക്കേസിലാണ് സോറനെ ഇഡി ചോദ്യം ചെയ്തത്. ഇഡിക്ക് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടും ഹേമന്ത് സോറൻ ഹാജരാകാൻ തയ്യാറാകാത്തതിനെ തുടർന്ന് നേരത്തെ സോറനെ തിരഞ്ഞ് ഇഡി ഡൽഹിയിലെ വസതിയിലെത്തിയിരുന്നു. എന്നാൽ ഇവിടെ സോറനെ കണ്ടെത്താനായിരുന്നില്ല. പിന്നാലെ സോറന്റെ കാർ ഇഡി പിടിച്ചെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ജനുവരി 20ന് ഏഴ് മണിക്കൂറോളം സോറനെ ഇഡി ചോദ്യം ചെയ്തിരുന്നു. സോറന്റെ റാഞ്ചിയിലെ ഔദ്യോഗിക വസതിയിലായിരുന്നു ചോദ്യം ചെയ്യൽ. തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഭയപ്പെടുന്നില്ലെന്നും വെടിയുണ്ടകളെ നേരിടുമെന്നുമായിരുന്നു ചോദ്യം ചെയ്യലിന് ശേഷം പ്രവർത്തകരോട് സോറൻ പറഞ്ഞത്. സോറൻ്റെ ആവശ്യപ്രകാരം റാഞ്ചിയിലെ ഔദ്യോഗിക വസതിയിലെത്തിയായിരുന്നു ചോദ്യം ചെയ്യൽ.
ഹേമന്ത് സോറന് പകരം മുഖ്യമന്ത്രിയാകാൻ ഭാര്യ കൽപ്പന സോറൻ? അറസ്റ്റ് സാധ്യത തള്ളാതെ ജെഎംഎംകേസിൽ ഇതുവരെ 14 പേരെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 20112 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ ഛാവി രഞ്ജൻ അടക്കം ഉൾപ്പെടും. നേരത്തെ ഭൂമി കുംഭകോണക്കേസിൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഹേമന്ത് സോറൻ പരാതി നൽകിയിരുന്നു. ഇഡി ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നുവെന്നായിരുന്നു ഹേമന്ത് സോറൻ പൊലീസിൽ നൽകിയ പരാതിയിൽ ഉന്നയിച്ചിരുന്നത്. എസ് സി / എസ് ടി പീഡന നിരോധന നിയമപ്രകാരം നടപടിയെടുക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.