ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ മാലിദ്വീപിനുളള സഹായധനം വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. മാലിദ്വീപിനുളള സഹായം 22 ശതമാനം സർക്കാർ വെട്ടിക്കുറച്ചു. മാലിദ്വീപിന് പുറമെ മറ്റ് വിദേശ രാജ്യങ്ങൾക്കുളള സഹായവും കേന്ദ്രം കുറച്ചിട്ടുണ്ട്.
മാലിദ്വീപിന്റെ വികസന പ്രവർത്തനങ്ങൾക്കായി 600 കോടിയാണ് കേന്ദ്രം അനുവദിച്ചത്. 2023-24 ബജറ്റിൽ 770.90 കോടി രൂപ സഹായമായി നൽകിയിരുന്നു. 2022-23 ൽ അനുവദിച്ച 183.16 കോടിയിൽ നിന്ന് 300 ശതമാനത്തിലധികം വർധനയായിരുന്നു കഴിഞ്ഞ വർഷം ഉണ്ടായിരുന്നത്. 2023ലെ ബജറ്റിൽ ആദ്യം 400 കോടിയാണ് മാലിദ്വീപിനായി സർക്കാർ നീക്കിവെച്ചത്. ഇത് പിന്നീട് 770.90 കോടിയായി വർധിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ വർഷങ്ങളിൽ മാലിദ്വീപിന് ഏറ്റവും കൂടുതൽ സഹായമെത്തിച്ച അയൽ രാജ്യമാണ് ഇന്ത്യ. പ്രതിരോധം, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലായിരുന്നു ഇന്ത്യ പ്രധാനമായും മാലിദ്വീപിനെ സഹായിച്ചിരുന്നത്. മാലിദ്വീപിനെ കൂടാതെ വരുന്ന സാമ്പത്തിക വർഷം മറ്റ് വിദേശ രാജ്യങ്ങൾക്കുള്ള മൊത്തം സഹായം സർക്കാർ പത്ത് ശതമാനമായി കുറച്ചിട്ടുണ്ട്. 2024-25ൽ വിദേശ രാജ്യങ്ങൾക്കുള്ള സഹായമായി ഇന്ത്യ 4883.56 കോടി രൂപയാണ് നീക്കിവെച്ചത്. ഭൂട്ടാൻ വികസന സഹായത്തിനായി 2068.56 കോടിയും നേപ്പാളിന് 700 കോടിയുമാണ് നീക്കിവച്ചത്.
ദ്വീപുമായുളള നയതന്ത്ര തർക്കമാണ് ഇന്ത്യയുടെ പുതിയ നീക്കത്തിന് പിന്നിൽ. ലക്ഷദ്വീപ് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ മാലിദ്വീപ് മന്ത്രിമാർ വിമർശനവുമായി രംഗത്തെത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദര്ശനം ഇന്ത്യ മാലദ്വീപിനെ ലക്ഷ്യമിടുന്നതിന്റെ സൂചനയാണെന്നായിരുന്നു മാലി മന്ത്രി മറിയം ഷിയൂന എക്സില് കുറിച്ചത്. ഇതിന് പിന്നാലെ ഇന്ത്യക്കാർ മാലിദ്വീപിനെ വിമർശിച്ചും രാജ്യത്തെ ബഹിഷ്കരിച്ചും രംഗത്തെത്തിയിരുന്നു. നിരവധി പേരാണ് മാലിദ്വീപ് യാത്ര വേണ്ടെന്ന് വെക്കുന്നതായി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
മാലദ്വീപ് പ്രസിഡന്റിനെ പുറത്താക്കാൻ നീക്കം; ഇംപീച്ച്മെന്റിനൊരുങ്ങി പ്രതിപക്ഷംപ്രസിഡൻ്റ് മുഹമ്മദ് മുയിസു അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യ-മാലിദ്വീപ് ബന്ധം വഷളായിരുന്നു. ദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കെതിരെ തിരിഞ്ഞതിൽ പ്രതിപക്ഷം വിമർശിച്ചിരുന്നു. മുഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്യാനുളള നീക്കത്തിലാണ് പ്രതിപക്ഷം.