ന്യൂഡൽഹി: നികുതി നിരക്കുകളില് മാറ്റമില്ലെന്ന പ്രഖ്യാപനവുമായി രണ്ടാം നരേന്ദ്ര മോദി സര്ക്കാരിന്റെ അവസാന ബജറ്റ്. പ്രത്യക്ഷ-പരോക്ഷ നികുതികളിലും ഇറക്കുമതി തീരുവയിലും മാറ്റമില്ലെന്ന് ഇടക്കാല ബജറ്റ് പ്രസംഗത്തില് ധനകാര്യ മന്ത്രി നിര്മ്മല സീതാരാമന് വ്യക്തമാക്കി. ജയ് ജവാന്, ജയ് കിസാന്, ജയ് വിഗ്യാന് (ശാസ്ത്രം), ജയ് അനുസന്ധാന് (ഗവേഷണം) എന്നതാണ് മോദി സര്ക്കാരിന്റെ മുദ്രാവാക്യമെന്നും നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. പ്രതിരോധ മേഖലയ്ക്കുള്ള വിഹിതം വർദ്ധിപ്പിക്കും. പ്രതിരോധ ചെലവ് 11.1% വർധിപ്പിച്ച് 11,11,111 കോടി രൂപയാവും. ഇത് ജിഡിപിയുടെ 3.4% വരുമെന്നും നിര്മ്മല സീതാരാമന് വ്യക്തമാാക്കി.
40,000 റെയിൽ ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലേക്ക് മാറ്റും. രാജ്യത്തെ എയർപോർട്ടുകളുടെ എണ്ണം ഇരട്ടിയാക്കും. ഇതോടെ വിമാനത്താവളങ്ങളുടെ എണ്ണം 149 ആകും. ഇന്ത്യൻ വിമാനക്കമ്പനികൾ 1,000 പുതിയ വിമാനങ്ങൾക്ക് ഓർഡർ നല്കിയെന്നുംനിര്മ്മല സീതാരാമന് ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചു. വിവിധ വകുപ്പുകളുടെ കീഴിൽ നിലവിലുള്ള മെഡിക്കൽ അടിസ്ഥാന സൗകര്യം ഉപയോഗപ്പെടുത്തി കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നതായും ധനകാര്യ മന്ത്രി വ്യക്തമാക്കി.
കൊവിഡ് വെല്ലുവിളികള്ക്കിടയിലും പ്രധാനമന്ത്രി ആവാസ് യോജന റൂറല് പദ്ധതി മുടങ്ങിയില്ലെന്ന് ചൂണ്ടിക്കാണിച്ച ധനകാര്യമന്ത്രി മൂന്ന് കോടി വീടുകള് എന്ന ലക്ഷ്യത്തിലേക്ക് സര്ക്കാര് അടുത്തുകഴിഞ്ഞുവെന്നും ചൂണ്ടിക്കാണിച്ചു. കുടുംബങ്ങളുടെ എണ്ണത്തില് വർദ്ധനവ് ഉണ്ടാകുന്നതിനാല് അടുത്ത അഞ്ച് വര്ഷത്തിനുള്ളില് രണ്ട് കോടി വീടുകളുടെ നിര്മ്മാണം ഏറ്റെടുത്ത് നടപ്പിലാക്കുമെന്നും നിര്മ്മല സീതാരാമന് പ്രഖ്യാപിച്ചു. ആയുഷ്മാന് ഭാരത് പദ്ധതിയില് അംഗന്വാടി ജീവനക്കാരെയും ആശാവര്ക്കര്മാരെയും ഉള്പ്പെടുത്തും. രാഷ്ട്രീയ ഗോകുല് മിഷന് വഴി പാല് ഉല്പ്പാദനം കൂട്ടും. മത്സ്യ സമ്പദ് പദ്ധതി വിപുലമാക്കും. അഞ്ച് ഇന്റഗ്രേറ്റഡ് മത്സ്യപാര്ക്കുകള് സ്ഥാപിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റ് പ്രസംഗത്തിൽ ഇടംപിടിച്ചു.
പ്രധാനമന്ത്രി മുദ്ര യോജന പദ്ധതി വഴി 43 കോടി രൂപ വായ്പ അനുവദിച്ചു. ഇതിൽ 22.5 ലക്ഷം കോടി രൂപ യുവാക്കളുടെ സംരംഭകത്വത്തിനായി നല്കി. ഫണ്ട് ഓഫ് ഫണ്ട്, സ്റ്റാര്ട്ടപ്പ് ഇന്ത്യ, സ്റ്റാര്ട്ടപ്പ് ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമുകള് എന്നിവ യുവാക്കളെ സഹായിക്കുന്നതാണ്. സ്കില് ഇന്ത്യാ മിഷന് വഴി 1.4 കോടി യുവാക്കള്ക്ക് പരിശീലനം നല്കി. 54 ലക്ഷം യുവാക്കള് നൈപുണ്യവും പുനര്-നൈപുണ്യവും നേടി, 3000 പുതിയ ഐടിഐകള് സ്ഥാപിച്ചു. 7 ഐഐടികള്, 16 ഐഐഐടികള്, 7 ഐഐഎമ്മുകള്, 15 എയിംസ്, 390 സര്വകലാശാലകള് എന്നിവ ഇതില് ഉള്പ്പെടുമെന്നും ധനകാര്യ മന്ത്രി പറഞ്ഞു.
ലക്ഷദ്വീപിലെ ടൂറിസം സാധ്യത വളര്ത്തും. വിനോദ സഞ്ചാര മേഖലയില് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും. ആത്മീയ ടൂറിസം കൂടുന്നത് പ്രാദേശികമായി വലിയ അവസരം തുറക്കും. സംസ്ഥാനങ്ങളെ ടൂറിസം വികസനത്തിന് പ്രോത്സാഹിപ്പിക്കും. അടുത്തിടെ പ്രഖ്യാപിച്ച ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്പ് ഇക്കണോമിക് കോറിഡോർ ഇന്ത്യയെ മാറ്റിമറിക്കുമെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.
വികസിത് ഭാരത് എന്ന കാഴ്ചപ്പാടിനാണ് ഇടക്കാല ബജറ്റ് ഊന്നല് നല്കുന്നതെന്നാണ് ധനകാര്യ മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. പ്രകൃതിയുമായി ഇണങ്ങിയുള്ള ആധുനിക അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിടുന്ന. എല്ലാവര്ക്കും അവരുടെ കഴിവുകളില് എത്തിച്ചേരാനുള്ള അവസരങ്ങള് നല്കുന്ന സമൃദ്ധ ഭാരതം എന്ന ആശയമാണ് ബജറ്റ് അവതരണത്തില് നിര്മ്മല സീതാരാമന് മുന്നോട്ടുവച്ചത്. അടുത്ത അഞ്ച് വര്ഷം രാജ്യത്തിന്റെ വികസനത്തില് നിര്ണ്ണായകമാകുമെന്നും നിര്മ്മല സീതാരാമന് വ്യക്തമാക്കി. അടുത്ത അഞ്ച് വര്ഷം അഭൂതപൂര്വമായ വികസനത്തിന്റെ വര്ഷമാണെന്ന് സൂചിപ്പിച്ച നിര്മ്മല സീതാരാമന് 2047ഓടെ ഇന്ത്യയെ വികസിപ്പിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള സുവര്ണ്ണ നിമിഷമായിരിക്കും ഈ അഞ്ചുവര്ഷങ്ങളെന്നും ചൂണ്ടിക്കാണിച്ചു.
കര്ഷകര്ക്കായി നടപ്പിലാക്കിയ പദ്ധതികളും ബജറ്റ് പ്രസംഗത്തില് ധനകാര്യമന്ത്രി വിശദീകരിച്ചു. പ്രധാനമന്ത്രി കിസാന് സമ്മാന് യോജനയ്ക്ക് കീഴില് എല്ലാ വര്ഷവും നാമമാത്ര-ചെറുകിട കര്ഷകര് ഉള്പ്പെടെ 11.8 കോടി കര്ഷകര്ക്ക് നേരിട്ട് സാമ്പത്തിക സഹായം നല്കുന്നതായി നിര്മ്മല സീതാരാമന് വ്യക്തമാക്കി. പ്രധാനമന്ത്രി ഫസല് ബീമാ യോജന പ്രകാരം 4 കോടി കര്ഷകര്ക്ക് വിള ഇന്ഷുറന്സ് നല്കുന്നു. ഇവ രാജ്യത്തിനും ലോകത്തിനുമുള്ള ഭക്ഷണം ഉല്പ്പാദിപ്പിക്കുന്നതില് കര്ഷകരെ സഹായിക്കുന്നുവെന്നും ധനകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചു. രാജ്യത്തെ 1,361 മണ്ടികളെ സംയോജിപ്പിച്ച് 1.8 കോടി കര്ഷകര്ക്ക് ഇലക്ട്രോണിക് ദേശീയ കാര്ഷിക വിപണിയുടെ സേവനങ്ങള് നല്കുന്നു. മൂന്ന് ലക്ഷം കോടി രൂപയുടെ വ്യാപാര വ്യാപനത്തോടെ സമഗ്രവും ഉയര്ന്നതുമായ വളര്ച്ചയ്ക്ക് ഈ മേഖല ഒരുങ്ങിയിരിക്കുന്നുവെന്നും ധനകാര്യമന്ത്രി പ്രഖ്യാപിച്ചു.
പാവപ്പെട്ടവര്ക്കുള്ള സര്ക്കാര് പദ്ധതികളും ബജറ്റ് പ്രസംഗത്തില് ധനകാര്യമന്ത്രി ചൂണ്ടിക്കാണിച്ചു. പിഎം സ്വാനിധി വഴി 78 ലക്ഷം വഴിയോര കച്ചവടക്കാര്ക്ക് വായ്പാ സഹായം നല്കിയെന്നും അതില് 2.3 ലക്ഷം പേര്ക്ക് മൂന്നാം തവണയും വായ്പ ലഭിച്ചുവെന്നും ധനകാര്യമന്ത്രി ചൂണ്ടിക്കാണിച്ചു. വികസനത്തിന്റെ ഭാഗമാകാതെ പോകുന്ന ആദിവാസി വിഭാഗങ്ങള്ക്കായി ഏര്പ്പെടുത്തിയ പി എം ജന്മന് യോജന, ഒബിസി വിഭാഗങ്ങള്ക്കായി ഏര്പ്പെടുത്തിയ പി എം വിശ്വകര്മ്മ യോജന, ട്രാന്സ്ജെന്ഡര് വിഭാഗങ്ങള് തുടങ്ങിയവര്ക്കായി ഏര്പ്പെടുത്തിയ പദ്ധതികളും ധനകാര്യമന്ത്രി ചൂണ്ടിക്കാണിച്ചു.
പാവപ്പെട്ടവര്, സ്ത്രീകള്, യുവാക്കള്, കര്ഷകര് തുടങ്ങിയവരില് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ധനകാര്യമന്ത്രി വ്യക്തമാക്കി. ഈ നാല് വിഭാഗത്തിന്റെ ആവശ്യങ്ങളും അഭിലാഷങ്ങളും ക്ഷേമവുമാണ് സര്ക്കാരിന്റെ ഏറ്റവും ഉയര്ന്ന മുന്ഗണന. ഈ വിഭാഗങ്ങള് സര്ക്കാര് പിന്തുണ ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്യുന്നുവെന്നും അവരുടെ ശാക്തീകരണവും ക്ഷേമവും രാജ്യത്തെ മുന്നോട്ട് നയിക്കുമെന്നും ധനകാര്യമന്ത്രി വ്യക്തമാക്കി. രാജ്യത്തെ 25 കോടി ജനങ്ങളെ കഴിഞ്ഞ 10 വര്ഷം കൊണ്ട് സര്ക്കാര് പട്ടിണിയില് നിന്നും മോചിപ്പിച്ചുവെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.
സാമ്പത്തിക വളര്ച്ചയെ പ്രോത്സാഹിപ്പിക്കുകയും സുസ്ഥിരമാക്കുന്ന, എല്ലാവരേയും ഉള്ക്കൊള്ളുന്നതും സുസ്ഥിരവുമായ വികസനം സുഗമമാക്കുന്ന, ഉല്പ്പാദനക്ഷമത മെച്ചപ്പെടുത്തുകയും എല്ലാവര്ക്കും അവസരങ്ങള് സൃഷ്ടിക്കുന്ന, വ്യക്തികളുടെ കഴിവുകള് വര്ധിപ്പിക്കുകയും വിഭവങ്ങളുടെ ഉല്പ്പാദനത്തിനായി ഊര്ജ്ജ നിക്ഷേപങ്ങള്ക്ക് സംഭാവന നല്കുകയും ചെയ്യുന്ന സാമ്പത്തിക നയങ്ങള് സര്ക്കാര് സ്വീകരിക്കുമെന്നും നിര്മ്മല സീതാരാമന് വ്യക്തമാക്കി.
ആഗോളതലത്തില് വളരാനും മത്സരിക്കാനും എംഎസ്എംഇകള്ക്ക് സമയബന്ധിതവും മതിയായതുമായ സാമ്പത്തിക, സാങ്കേതികവിദ്യയും ഉചിതമായ പരിശീലനവും ഉറപ്പാക്കുന്നത് പ്രധാന മുന്ഗണനയാണെന്നും ധനകാര്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചു.