റാഞ്ചി: ജാര്ഖണ്ഡില് ചംപയ് സോറന് സര്ക്കാര് തിങ്കളാഴ്ച വിശ്വാസ വോട്ട് തേടും. വെള്ളിയാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചെംപയ് സോറനോട് പത്ത് ദിവസത്തിനകം നിയമസഭയില് ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്ണര് ആവശ്യപ്പെട്ടിരുന്നു. മഹാസഖ്യം എംഎല്എമാര് തിങ്കളാഴ്ച വരെ ഹൈദരാബാദില് തുടരും.
രണ്ട് ദിവസത്തെ നിയമസഭ സമ്മേളനം ചേരാനാണ് തീരുമാനം. ജെഎംഎം നേതൃത്വം നല്കുന്ന മഹാസഖ്യ സര്ക്കാരിനെ പിന്തുണയ്ക്കുന്ന എംഎല്എമാരെ ബിജെപി ലക്ഷ്യം വയ്ക്കുന്നു എന്ന വാര്ത്തകള്ക്ക് പിന്നാലെയായിരുന്നു 38 മഹാസഖ്യ എംഎല്എമാരെ ഹൈദരാബാദിലേയ്ക്ക് മാറ്റിയത്. എംഎല്എമാര് വെള്ളിയാഴ്ച രാത്രി ഹൈദരാബാദില് എത്തിച്ചേര്ന്നിരുന്നു.
ഇന്നലെ വൈകുന്നേരം ഹൈദരാബാദില് എത്തിച്ചേര്ന്ന മഹാസഖ്യം എംഎല്എമാരെ തെലങ്കാന കോണ്ഗ്രസ് നേതൃത്വം സ്വീകരിച്ചു. തെലങ്കാനയുടെ ചുമതലയുള്ള എഐസിസി ജനറല് സെക്രട്ടറി ദീപാ ദാസ് മുന്ഷി, ഗതാഗത വകുപ്പ് മന്ത്രി പൊന്നം പ്രഭാകര്, എഐസിസി സെക്രട്ടറി സമ്പത്ത് കുമാര് എന്നിവര് മഹാസഖ്യം എംഎല്എമാരെ സ്വീകരിക്കാനെത്തിയിരുന്നു. പിന്നീട് എംഎല്എമാരെ ഷാമിര്പെട്ടിലെ സ്വകാര്യ റിസോര്ട്ടിലേയ്ക്ക് മാറ്റി. ഇവിടെ 60 മുറികളാണ് തെലങ്കാന കോണ്ഗ്രസ് നേതൃത്വം ബുക്ക് ചെയ്തിരിക്കുന്നത്. ഓരോ എട്ട് എംഎല്എമാരുടെയും ഒപ്പം ഒരു നേതാവിനെ വീതമാണ് നിയോഗിച്ചിരിക്കുന്നത്. എംഎല്എമാരുടെ സഹായികളായി നിയോഗിതരായ കോണ്ഗ്രസ് നേതാക്കളും റിസോര്ട്ടില് താമസിക്കുന്നുണ്ട്.
വെള്ളിയാഴ്ചയാണ് ജാര്ഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ചംപയ് സോറൻ സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനിലെ ദർബാൾ ഹാളിൽ നടന്ന ചടങ്ങിൽ ഗവർണർ സി പി രാധാകൃഷ്ണൻ സത്യവാചകം ചൊല്ലികൊടുത്തു. ഇ ഡി അറസ്റ്റിനെ തുടർന്ന് ഹേമന്ത് സോറൻ രാജിവെച്ച പശ്ചാത്തലത്തിലായിരുന്നു ചംപയ് ജാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഹേമന്ത് സോറനെ അറസ്റ്റ് ചെയ്ത് രണ്ടാം ദിവസമായിരുന്നു ചംപയ് സോറന്റെ സത്യപ്രതിജ്ഞ. 67 കാരനായ ചംപയ് സോറൻ ജാര്ഖണ്ഡിന്റെ 12-ാമത് മുഖ്യമന്ത്രിയാണ്. ആദിവാസി-പിന്നാക്ക വിഭാഗങ്ങളിൽ സ്വാധീനമുള്ള നേതാവാണ് സോറൻ. ഹേമന്ത് സോറന് മന്ത്രിസഭയില് ഗതാഗത, എസ്സി-എസ്ടി വകുപ്പ് മന്ത്രിയായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ആലംഗീർ ആലം, ആർജെഡി നേതാവ് സത്യാനന്ദ് ഭോക്ത എന്നിവരും ചംപയ് സോറനൊപ്പം കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. 43 എംഎൽഎമാരുടെ പിന്തുണ തനിക്ക് ഉണ്ടെന്നായിരുന്നു സത്യപ്രതിജ്ഞയ്ക്ക് ശേഷം ചംപയ് സോറൻ്റെ അവകാശവാദം.