ഡല്ഹി: ഭാരതരത്ന ലഭിച്ചതിൽ സന്തോഷം പങ്കുവെച്ച് ബിജെപിയുടെ സ്ഥാപക നേതാവും മുന് ഉപപ്രധാനമന്ത്രിയുമായ ലാൽ കൃഷ്ണ അദ്വാനി. 'ഇത് ഒരു വ്യക്തിയെന്ന നിലയിൽ എനിക്ക് ലഭിച്ച പുരസ്കാരം മാത്രമല്ല, ജീവിതത്തിൽ മുറുകെ പിടിച്ച ആദർശങ്ങൾക്ക് ലഭിച്ച ബഹുമതിയാണ് ' എല് കെ അദ്വാനി പറഞ്ഞു.
രാജ്യത്തിന്റെ വികസനത്തിന് എല് കെ അദ്വാനി നല്കിയത് മഹത്തായ സംഭാവനയാണെന്ന് അറിയിച്ചു കൊണ്ട് ഇന്നാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഭാരതരത്ന പ്രഖ്യാപിച്ചത്. 'എല് കെ അദ്വാനിക്ക് ഭാരതരത്ന പുരസ്കാരം നല്കുന്ന വിവരം പങ്കുവയ്ക്കുന്നതില് സന്തോഷിക്കുന്നു. പുരസ്കാരം ലഭിച്ച അദ്ദേഹത്തെ നേരില് കണ്ട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു', പ്രധാനമന്ത്രി എക്സില് കുറിച്ചു.
I am very happy to share that Shri LK Advani Ji will be conferred the Bharat Ratna. I also spoke to him and congratulated him on being conferred this honour. One of the most respected statesmen of our times, his contribution to the development of India is monumental. His is a… pic.twitter.com/Ya78qjJbPK
— Narendra Modi (@narendramodi) February 3, 2024
ജനസംഘത്തിന്റെയും പിന്നീട് ബിജെപിയുടെയും നേതൃനിരയിലെ പ്രമുഖനായിരുന്നു എല് കെ അദ്വാനി. 1973ല് ജനസംഘത്തിന്റെ അഖിലേന്ത്യാ അദ്ധ്യക്ഷനായി. പിന്നീട് അടിയന്തരാവസ്ഥയെ തുടര്ന്ന് ജനസംഘം അടക്കമുള്ള പ്രതിപക്ഷ പാര്ട്ടികള് ലയിച്ച് ജനതാപാര്ട്ടി രൂപീകരിച്ചപ്പോഴും നേതൃനിരയിലെ സാന്നിധ്യമായി. 1977ൽ മൊറാര്ജി ദേശായിയുടെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ ജനതാപാര്ട്ടി മന്ത്രിസഭയില് വാര്ത്താവിതരണ വകുപ്പ് മന്ത്രിയായും അദ്വാനി പ്രവര്ത്തിച്ചു. ജനതാപാര്ട്ടിയില് നിന്നും മാറി പഴയ ജനസംഘം നേതാക്കള് 1980ല് ബിജെപിക്ക് രൂപം കൊടുക്കുമ്പോള് വാജ്പെയ്ക്കൊപ്പം ദേശീയ നേതൃനിരയിലെ പ്രധാനമുഖമായി അദ്വാനിയും ഉണ്ടായിരുന്നു.
പഞ്ചാബ് ഗവര്ണര് ബന്വരിലാല് പുരോഹിത് രാജിവെച്ചു1986ല് ബിജെപിയുടെ ദേശീയ അധ്യക്ഷനായി അദ്വാനി നിയോഗിതനായി. ഏറ്റവും കൂടുതല്കാലം ബിജെപിയുടെ ദേശീയ അദ്ധ്യക്ഷ പദവി വഹിച്ച ബഹുമതിയും അദ്വാനിക്കാണ്. 1990കളില് രാമജന്മഭൂമി വിഷയത്തെ ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയവിഷയമായി മാറ്റിയെടുക്കുന്നതില് നിര്ണ്ണായക ഇടപെടല് നടത്തിയ നേതാവാണ് അദ്വാനി. രാമജന്മഭൂമി വിഷയവുമായി ബന്ധപ്പെട്ട് അദ്വാനി നടത്തിയ രഥയാത്ര ഹിന്ദിഹൃദയ ഭൂമിയില് ബിജെപിയുടെ രാഷ്ട്രീയ വളര്ച്ചയ്ക്ക് ഗതിവേഗം പകര്ന്നിരുന്നു. 1998ലും 1999ലും ബിജെപി സര്ക്കാര് അധികാരത്തില് വരുന്നതില് അദ്വാനിയുടെ ഹിന്ദുത്വ നിലപാടുകള് ഏറെ നിര്ണ്ണായകമായിരുന്നു. 1998ലും 1999ലും വാജ്പെയ് മന്ത്രിസഭയില് അഭ്യന്തരവകുപ്പ് മന്ത്രിയായിരുന്നു. 2002 മുതല് 2004വരെയുള്ള കാലയളവില് വാജ്പെയ് മന്ത്രിസഭയില് ഉപപ്രധാനമന്ത്രിയായിരുന്നു.
1992ല് ബാബറി മസ്ജിദ് തകര്ത്ത കേസിൽ അദ്വാനിയുടെ പേര് പ്രതിപട്ടികയിലുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ലിബര്ഹാന് കമ്മീഷന് റിപ്പോര്ട്ടിലും അദ്വാനിയുടെ പേരുണ്ടായിരുന്നു. എന്നാല് 2020ല് പ്രത്യേക സിബിഐ കോടതി അദ്വാനിയെ കുറ്റവിമുക്തമാക്കുകയായിരുന്നു. അയോധ്യയില് ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം ഉയര്ന്നതിന് പിന്നാലെയാണ് അദ്വാനിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതി പ്രഖ്യാപിച്ചിരിക്കുന്നത്.