ന്യൂഡൽഹി: മുതിര്ന്ന ബിജെപി നേതാവ് എല് കെ അദ്വാനിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്ന പുരസ്കാരം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അദ്വാനിക്ക് ഭാരതരത്ന നൽകുന്ന വിവരം എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചത്. 'എല് കെ അദ്വാനിക്ക് ഭാരതരത്ന പുരസ്കാരം നല്കുന്ന വിവരം പങ്കുവയ്ക്കുന്നതില് സന്തോഷിക്കുന്നു. പുരസ്കാരിതനായ അദ്ദേഹത്തെ നേരില് കണ്ട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു', പ്രധാനമന്ത്രി എക്സില് കുറിച്ചു.
നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരില് ഒരാളാണ് അദ്വാനി. ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നല്കിയ സംഭാവനകള് സ്മരണീയമാണ്. താഴേത്തട്ടില് പ്രവര്ത്തിച്ച് തുടങ്ങി നമ്മുടെ ഉപപ്രധാനമന്ത്രി വരെയായി രാഷ്ട്രത്തെ സേവിച്ച ജീവിതമാണ് അദ്ദേഹത്തിന്റെത്. നമ്മുടെ ആഭ്യന്തര മന്ത്രി എന്ന നിലയിലും അദ്ദേഹം സേവനം അനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ പാര്ലമെന്ററി ഇടപെടലുകള് എല്ലായ്പ്പോഴും മാതൃകാപരവും സമ്പന്നവുമായ ഉള്ക്കാഴ്ചകള് നിറഞ്ഞതാണെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്ത്തു.
'പതിറ്റാണ്ടുകള് നീണ്ട അദ്വാനിജിയുടെ പൊതുജീവിതം സുതാര്യതയ്ക്കും സമഗ്രതയ്ക്കും വേണ്ടിയുള്ള അചഞ്ചലമായ പ്രതിബദ്ധത അടയാളപ്പെടുത്തിയതാണ്. രാഷ്ട്രീയ ധാര്മ്മികതയുടെ മാതൃകാപരമായ മാനദണ്ഡം അദ്ദേഹം മുന്നോട്ടുവെച്ചു. ദേശീയ ഐക്യത്തിനും സാംസ്കാരിക പുനരുജ്ജീവനത്തിനും വേണ്ടി അദ്ദേഹം സമാനതകളില്ലാത്ത ശ്രമങ്ങള് നടത്തി. അദ്ദേഹത്തിന് ഭാരതരത്നം നല്കിയത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായ നിമിഷമാണ്. അദ്ദേഹവുമായി ഇടപഴകാനും അദ്ദേഹത്തില് നിന്ന് പഠിക്കാനും എണ്ണമറ്റ അവസരങ്ങള് ലഭിച്ചുവെന്നത് ഞാന് എപ്പോഴും ബഹുമതിയായി കണക്കാക്കും', നരേന്ദ്ര മോദി എക്സിൽ കുറിച്ചു. അദ്വാനിക്കൊപ്പമുള്ള ചിത്രങ്ങളും എക്സിലെ കുറിപ്പിൽ നരേന്ദ്ര മോദി പങ്കുവെച്ചു.
ജനസംഘത്തിന്റെയും പിന്നീട് ബിജെപിയുടെയും നേതൃനിരയിലെ പ്രമുഖനായിരുന്നു എല് കെ അദ്വാനി. 1973ല് ജനസംഘത്തിന്റെ അഖിലേന്ത്യാ അദ്ധ്യക്ഷനായി. പിന്നീട് അടിയന്തിരാവസ്ഥയെ തുടര്ന്ന് ജനസംഘം അടക്കമുള്ള പ്രതിപക്ഷ പാര്ട്ടികള് ലയിച്ച് ജനതാപാര്ട്ടി രൂപീകരിച്ചപ്പോഴും നേതൃനിരയിലെ സാന്നിധ്യമായി. 1977ൽ മൊറാര്ജി ദേശായിയുടെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ ജനതാപാര്ട്ടി മന്ത്രിസഭയില് വാര്ത്താവിതരണ വകുപ്പ് മന്ത്രിയായും അദ്വാനി പ്രവര്ത്തിച്ചു. ജനതാപാര്ട്ടിയില് നിന്നും മാറി പഴയ ജനസംഘം നേതാക്കള് 1980ല് ബിജെപിക്ക് രൂപം കൊടുക്കുമ്പോള് വാജ്പെയ്ക്കൊപ്പം ദേശീയ നേതൃനിരയിലെ പ്രധാനമുഖമായി അദ്വാനിയും ഉണ്ടായിരുന്നു.
1986ല് ബിജെപിയുടെ ദേശീയ അധ്യക്ഷനായി അദ്വാനി നിയോഗിതനായി. ഏറ്റവും കൂടുതല്കാലം ബിജെപിയുടെ ദേശീയ അദ്ധ്യക്ഷ പദവി വഹിച്ച ബഹുമതിയും അദ്വാനിക്കാണ്. 1990കളില് രാമജന്മഭൂമി വിഷയത്തെ ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയവിഷയമായി മാറ്റിയെടുക്കുന്നതില് നിര്ണ്ണായക ഇടപെടല് നടത്തിയ നേതാവാണ് അദ്വാനി. രാമജന്മഭൂമി വിഷയവുമായി ബന്ധപ്പെട്ട് അദ്വാനി നടത്തിയ രഥയാത്ര ഹിന്ദിഹൃദയ ഭൂമിയില് ബിജെപിയുടെ രാഷ്ട്രീയ വളര്ച്ചയ്ക്ക് ഗതിവേഗം പകര്ന്നിരുന്നു. 1998ലും 1999ലും ബിജെപി സര്ക്കാര് അധികാരത്തില് വരുന്നതില് അദ്വാനിയുടെ ഹിന്ദുത്വ നിലപാടുകള് ഏറെ നിര്ണ്ണായകമായിരുന്നു. 1998ലും 1999ലും വാജ്പെയ് മന്ത്രിസഭയില് അഭ്യന്തരവകുപ്പ് മന്ത്രിയായിരുന്നു. 2002 മുതല് 2004വരെയുള്ള കാലയളവില് വാജ്പെയ് മന്ത്രിസഭയില് ഉപപ്രധാനമന്ത്രിയായിരുന്നു.
1992ല് ബാബറി മസ്ജിദ് തകര്ത്ത കേസിൽ അദ്വാനിയുടെ പേര് പ്രതിപട്ടികയിലുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ലിബര്ഹാന് കമ്മീഷന് റിപ്പോര്ട്ടിലും അദ്വാനിയുടെ പേരുണ്ടായിരുന്നു. എന്നാല് 2020ല് പ്രത്യേക സിബിഐ കോടതി അദ്വാനിയെ കുറ്റവിമുക്തമാക്കുകയായിരുന്നു. അയോധ്യയില് ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം ഉയര്ന്നതിന് പിന്നാലെയാണ് അദ്വാനിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതി പ്രഖ്യാപിച്ചിരിക്കുന്നത്.