തൊഴിലുറപ്പ് പദ്ധതി കുടിശ്ശിക, 21 ലക്ഷം തൊഴിലാളികൾക്ക് സംസ്ഥാന സര്ക്കാര് വേതനം നൽകും; മമത ബാനർജി

തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് ശനിയാഴ്ച പണം കൈമാറുമെന്നാണ് മമതയുടെ പ്രഖ്യാപനം

dot image

കൊൽക്കത്ത: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കുള്ള വേതന കുടിശ്ശിക സംസ്ഥാന സര്ക്കാര് നല്കുമെന്ന് പ്രഖ്യപിച്ച് പശ്ചിമബംഗാള് മുഖ്യമന്ത്രി മമത ബാനര്ജി. കേന്ദ്രം പണം നൽകാത്തത് മൂലം സംസ്ഥാനത്ത് വേതനം കുടിശ്ശികയായ 21 ലക്ഷം തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് ശനിയാഴ്ച പണം കൈമാറുമെന്നാണ് മമതയുടെ പ്രഖ്യാപനം.

വിവിധ സാമൂഹിക ക്ഷേമ പദ്ധതികള്ക്കായി കേന്ദ്രത്തില് നിന്ന് നല്കാത്ത കുടിശ്ശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 2ന് കൊല്ക്കൊത്തയിലെ ബിആര് അംബേദ്കര് പ്രതിമയ്ക്ക് മുന്നില് മമത ബാനര്ജി 48 മണിക്കൂര് ധര്ണ ആരംഭിച്ചിരുന്നു. ധര്ണ്ണയില് സംസാരിക്കുമ്പോഴായിരുന്നു മമതയുടെ പ്രഖ്യാപനങ്ങള്.

'ഞങ്ങള് ബിജെപിയോട് യാചിക്കില്ല. അവരുടെ ഭിക്ഷയും വേണ്ട. കഴിഞ്ഞ മൂന്ന് വര്ഷമായി 100 ദിവസം തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പണിയെടുത്തിട്ടും കേന്ദ്ര സര്ക്കാരില് നിന്ന് പണം ലഭിക്കാത്ത 21 ലക്ഷം തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഫെബ്രുവരി 21നകം ഞങ്ങള് പണം കൈമാറും. ഇത് എന്റെ ആദ്യ ചുവടുവയ്പ്പാണ്' എന്നായിരുന്നു മമതയുടെ പ്രഖ്യാപനം.

ബംഗാളിനെ പട്ടിണികിടത്തി കൊല്ലുമെന്നാണ് കേന്ദ്ര സര്ക്കാര് കരുതുന്നത്. അതില് വിജയിക്കാന് ഞങ്ങള് അവരെ അനുവദിക്കില്ലെന്നും തന്നില് വിശ്വാസം അര്പ്പിക്കാനും മമത ആവശ്യപ്പെട്ടു.

'ഈ പോരാട്ടം നിഷേധിക്കപ്പെട്ട ജനങ്ങള്ക്ക് വേണ്ടിയാണ്. ഞങ്ങള് പോരാട്ടം തുടരും. ബംഗാളില് ഒരു പാവപ്പെട്ടവനെപ്പോലും ബുദ്ധിമുട്ടിക്കാന് അനുവദിക്കില്ല. ഞാന് ജീവിച്ചിരിക്കുന്നതു വരെ നിങ്ങള്ക്കുവേണ്ടി പോരാടും', മമത പ്രഖ്യാപിച്ചു. എല്ലാ സംസ്ഥാനങ്ങളിലും പ്രാദേശിക പാര്ട്ടികളും ദേശീയ പാര്ട്ടികളും ഒരുമിച്ച് നിന്നാല് ബിജെപിയെ തിരഞ്ഞെടുപ്പില് പരാജയപ്പെടുത്താന് കഴിയുമെന്നും മമത വ്യക്തമാക്കി. ഇവിടെ അധികകാലം തുടരുമെന്ന് ബിജെപി കരുതുന്നുണ്ടെങ്കില് അത് തെറ്റാണ്. അവര് വളരെക്കാലമായി രാജ്യത്തെ ജനങ്ങളെ പീഡിപ്പിക്കുകയാണെന്നും ബംഗാൾ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

dot image
To advertise here,contact us
dot image