നാടകം 'രാമലീല', സീത പുകവലിച്ചു; പ്രൊഫസറും ശിഷ്യരും അറസ്റ്റിലായി

നാടകത്തിന്റേതായി പ്രചരിക്കുന്ന വീഡിയോയിൽ സീതയുടെ വേഷം ധരിച്ചിരിക്കുന്ന വിദ്യാർത്ഥി പുകവലിക്കുന്നതും മോശം ഭാഷ ഉപയോഗിക്കുന്നതും കാണാം.

dot image

പുനെ: മതവികാരം വ്രണപ്പെടുത്തുന്ന നാടകം അവതരിപ്പിച്ചെന്നാരോപിച്ച് പുനെ സാവിത്രിഭായി ഫുലെ സർവ്വകലാശാലയിലെ അധ്യാപകനെയും അഞ്ച് വിദ്യാർത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്തു. രാമലീല എന്ന പേരിൽ അവതരിപ്പിച്ച നാടകമാണ് അറസ്റ്റിന് കാരണമായതെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

നാടകത്തിൽ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുന്ന തരത്തിൽ സംഭാഷണങ്ങളും പ്രവർത്തികളും ഉണ്ടെന്നാണ് ആരോപണം ഉയർന്നത്. നാടകത്തിന്റേതായി പ്രചരിക്കുന്ന വീഡിയോയിൽ സീതയുടെ വേഷം ധരിച്ചിരിക്കുന്ന വിദ്യാർത്ഥി പുകവലിക്കുന്നതും മോശം ഭാഷ ഉപയോഗിക്കുന്നതും കാണാം. വെള്ളിയാഴ്ച കാമ്പസിൽ അവതരിപ്പിച്ച നാടകത്തെച്ചൊല്ലി എബിവിപി പ്രവർത്തകരും സർവ്വകലാശാലയിലെ ലളിത കലാ കേന്ദ്രത്തിലെ വിദ്യാർത്ഥികളും തമ്മിൽ സംഘർഷവുമുണ്ടായിരുന്നു. ലളിത കലാകേന്ദ്രമാണ് നാടകം അവതരിപ്പിച്ചത്.

എബിവിപി പ്രവർത്തകരാണ് നാടകത്തിനെതിരെ പരാതി നൽകിയത്. ഐപിസി 295 എ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ലളിത കലാ കേന്ദ്രം വകുപ്പ് മേധാവി ഡോ പ്രവീൺ ഭോലെയും വിദ്യാർത്ഥികളായ ഭവേഷ് പാട്ടീൽ, ജയ് പട്നേക്കർ, പാർത്ഥമേഷ് സാവന്ത്, റിഷികേഷ് ദാൽവി, യാഷ് ചിക്ലേ എന്നിവരുമാണ് സംഭവത്തിൽ അറസ്റ്റിലായത്.

dot image
To advertise here,contact us
dot image