ലഖ്നൗ: ഉത്തര്പ്രദേശിലെ ജയില് തടവുകാര്ക്കിടയില് എച്ച്ഐവി വൈറസ് ബാധ വർധിക്കുന്നതായി റിപ്പോര്ട്ട്. 2023 ഡിസംബറിൽ നടത്തിയ ആരോഗ്യ പരിശോധനയിൽ ലഖ്നൗ ജില്ലാ ജയിലിലെ 36 തടവുകാരിൽ എച്ച്ഐവി സ്ഥിരീകരിച്ചു. ജയിലിലെ ആകെ എച്ച്ഐവി ബാധിതരായ തടവുകാരുടെ എണ്ണം 63 ആയെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി. രോഗബാധ സ്ഥിരീകരിച്ചവരില് ഏറെയും ലഹരിമരുന്നിന് അടിമകളായിരുന്നുവെന്നും അധികൃതര് പറയുന്നു.
ജയില് വളപ്പിന് പുറത്ത് ലഹരി മരുന്നിനായി ഉപയോഗിച്ച സിറഞ്ചുകളാണ് ഇത്തരത്തില് രോഗവ്യാപനത്തിന് ഇടയാക്കിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ജയിലിൽ എത്തിയ ശേഷം ഒരു തടവുകാരനും എച്ച്ഐവി ബാധിച്ചിട്ടില്ലെന്നാണ് ജയിൽ അധികൃതരുടെ വാദം.
എല്ലാ എച്ച്ഐവി പോസിറ്റീവ് തടവുകാരും ഇപ്പോൾ ലഖ്നൗവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗബാധിതരായ തടവുകാരുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ എച്ച്ഐവി അണുബാധ മൂലം ഒരു മരണവും ഉണ്ടായിട്ടില്ലെന്നും ഭരണകൂടം പറയുന്നു.