ഉത്തരാഖണ്ഡിലെ ഏകസിവിൽ കോഡ്; ലിവ്-ഇൻ ബന്ധങ്ങൾക്ക് നിയമപരമായ രജിസ്ട്രേഷൻ നിർബന്ധം

നിലവില് ലിവ്-ഇന് ബന്ധങ്ങളിലുള്ളവര്, ഭാവിയില് ലിവ്-ഇന് ബന്ധങ്ങൾ ആരംഭിക്കാന് ആഗ്രഹിക്കുന്നവര് എന്നിവരെല്ലാം ഇനി മുതല് ജില്ലാ അധികാരികള്ക്ക് മുമ്പില് രജിസ്റ്റര് ചെയ്യണം

dot image

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഏകീകൃത സിവില്കോഡ് നിയമമാകുമ്പോള് ലിവ്-ഇന് ബന്ധങ്ങളുമായി ബന്ധപ്പെട്ട് കര്ശന നിയന്ത്രണങ്ങള് വരുന്നു. നിലവില് ലിവ്-ഇന് ബന്ധങ്ങളിലുള്ളവര്, ഭാവിയില് ലിവ്-ഇന് ബന്ധങ്ങൾ ആരംഭിക്കാന് ആഗ്രഹിക്കുന്നവര് എന്നിവരെല്ലാം ഇനി മുതല് ജില്ലാ അധികാരികള്ക്ക് മുമ്പില് രജിസ്റ്റര് ചെയ്യണം. ലിവ്-ഇന് ബന്ധങ്ങളിൽ ഏര്പ്പെടാന് ആഗ്രഹിക്കുന്ന 21വയസ്സിന് താഴെയുള്ളവര്ക്ക് മാതാപിതാക്കളുടെ അനുവാദം ആവശ്യമാണ്. സംസ്ഥാനത്തിന് പുറത്തുള്ള ആളുമായി ലിവ്-ഇന് റിലേഷനില് ഏര്പ്പെടുന്ന ഉത്തരാഖണ്ഡ് നിവാസികള്ക്കും നിര്ബന്ധിത രജിസ്ട്രേഷന് ആവശ്യമാണ്.

പൊതു നയത്തിനും ധാര്മ്മികതയ്ക്കും എതിരാണെങ്കില് ലിവ്-ഇന് റിലേഷനുകള് രജിസ്റ്റര് ചെയ്യാന് അനുമതിയില്ല. ഒരു പങ്കാളി വിവാഹിതനാണെങ്കില് അല്ലെങ്കില് മറ്റൊരു ബന്ധത്തിലാണെങ്കില്, ഒരു പങ്കാളി പ്രായപൂര്ത്തിയാകാത്ത ആളാണെങ്കില്, നിര്ബന്ധം, വഞ്ചന എന്നിവയിലൂടെയാണ് പങ്കാളിയുടെ സമ്മതം നേടിയതെങ്കില് അത്തരം ലിവ്-ഇന് ബന്ധങ്ങള് രജിസ്റ്റര് ചെയ്യില്ല.

ലിവ്-ഇന് ബന്ധത്തിന്റെ വിശദാംശങ്ങള് സ്വീകരിക്കുന്നതിന് ഒരു വെബ്സൈറ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഒരു മുതിര്ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്ഡിടിവി റിപ്പോര്ട്ട് ചെയ്യുന്നുണ്ട്. ബന്ധത്തിന്റെ സാധുത പരിശോധിക്കുന്നതിന് അത് ജില്ലാ രജിസ്ട്രാറുമായി ബന്ധിപ്പിക്കും. ജില്ലാ രജിസ്ട്രാറാണ് ബന്ധത്തിന്റെ സാധുതയെ സംബന്ധിച്ച് അന്വേഷണം നടത്തുക. അന്വേഷണത്തിനായി അയാള്ക്ക് പങ്കാളികളില് ആരെയെങ്കിലുമോ രണ്ടുപേരെയുമോ വിളിക്കാം. രജിസ്ട്രേഷന് നിരസിക്കുകയാണെങ്കില് അതിന്റെ കാരണങ്ങള് രജിസ്ട്രാര് അപേക്ഷകരെ രേഖാമൂലം അറിയിക്കേണ്ടതാണ്.

രജിസ്റ്റര് ചെയ്ത ലിവ്-ഇന് ബന്ധങ്ങള് അവസാനിപ്പിക്കുന്നതിനും രേഖാമൂലമുള്ള പ്രസ്താവന ആവശ്യമാണ്. നിര്ദിഷ്ട മതൃകയില് സമര്പ്പിക്കപ്പെടുന്ന ബന്ധം അവസാനിപ്പിക്കുന്നതിനുള്ള കാരണങ്ങള് തെറ്റാണെന്നോ സംശയാസ്പദമാണെന്നോ രജിസ്ട്രാര്ക്ക് തോന്നിയാല് പൊലീസ് അന്വേഷണത്തിന് ശുപാര്ശ ചെയ്യാം. 21 വയസ്സിന് താഴെയുള്ളവരാണെങ്കില് രക്ഷിതാക്കളെ വിവരം അറിയിക്കും.

ലിവ്-ഇന് റിലേഷന്ഷിപ്പിനായുള്ള അപേക്ഷകള് സമര്പ്പിക്കാതിരിക്കുകയോ തെറ്റായ വിവരങ്ങള് നല്കുകയോ ചെയ്താല് മൂന്ന് മാസം തടവോ അല്ലെങ്കില് 25,000 രൂപ പിഴയോ അല്ലെങ്കില് രണ്ടും കൂടിയോ ശിക്ഷ അനുഭവിക്കേണ്ടി വരും. ലിവ്-ഇന് റിലേഷന് രജിസ്റ്റര് ചെയ്യുന്നതില് വീഴ്ച വരുത്തുന്ന പക്ഷം പരമാവധി ആറ് മാസം തടവോ 25,000 രൂപ പിഴയോ അല്ലെങ്കില് രണ്ടും കൂടിയോ ലഭിക്കും. രജിസ്ട്രേഷനില് ഒരു മാസത്തെ കാലതാമസമുണ്ടായാലും ശിക്ഷയുണ്ട്. മൂന്ന് മാസം വരെ തടവോ, 10,000 രൂപ പിഴയോ അല്ലെങ്കില് രണ്ടും കൂടിയോ ആണ് ശിക്ഷ.

ചൊവ്വാഴ്ച രാവിലെയാണ് ലിവ്-ഇന് ബന്ധങ്ങള്ക്ക് അടക്കം നിയമപരമായ ചട്ടക്കൂട് നിഷ്കര്ഷിക്കുന്ന ഏകീകൃത സിവില്കോഡ് ഉത്തരാഖണ്ഡ് നിയമസഭയില് അവതരിപ്പിച്ചത്. ലിവ്-ഇന് ബന്ധങ്ങളില് ജനിക്കുന്ന കുട്ടികള്ക്ക് ദമ്പതികളുടെ നിയമാനുസൃത കുട്ടി എന്ന അവകാശവും നിയമം വിഭാവനം ചെയ്യുന്നു.

ഇതിന് പുറമെ ബഹുഭാര്യത്വത്തിനും ശൈശവവിവാഹത്തിനും പൂര്ണ്ണമായ നിരോധനവും നിയമത്തിന്റെ ഭാഗമാണ്. എല്ലാ മതങ്ങളിലുമുള്ള പെണ്കുട്ടികളുടെയും വിവാഹപ്രായം ഏകീകരിക്കും. വിവാഹമോചനത്തിനുള്ള ഏകീകൃത നടപടിക്രമത്തിനുള്ള നിര്ദ്ദേശങ്ങളും നിയമത്തിലുണ്ട്.

വിവാഹമോചനത്തിനോ ഭര്ത്താവിന്റെ മരണത്തിനോ ശേഷം ഒരു സ്ത്രീ കടന്നുപോകേണ്ട ഇസ്ലാമിക ആചാരങ്ങളായ 'ഹലാല', 'ഇദ്ദത്ത്' തുടങ്ങിയ ആചാരങ്ങള് നിരോധിക്കാനുള്ള നടപടി ക്രമങ്ങളും ഉത്തരാഖണ്ഡിലെ ഏകീകൃത നിയമത്തില് ഉള്പ്പെടുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us