ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് ബിൽ ഇന്ന് ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിക്കും. എത്രയും വേഗം ബിൽ പാസാക്കാനാണ് പുഷ്കർ സിംഗ് ധാമി സർക്കാരിൻ്റെ ശ്രമം. എന്നാൽ ബില്ലിനെ എതിർക്കാനാണ് കോൺഗ്രസ് തീരുമാനം.
വ്യാഴാഴ്ച വരെ നീണ്ടുനിൽക്കുന്ന പ്രത്യേക നിയമസഭ സമ്മേളനമാണ് ഇതിനായി ചേരുന്നത്. ഏകീകൃത സിവിൽ കോഡ് ബിൽ നിയമസഭ പാസാക്കിയാൽ, ബിൽ അംഗീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. ഏക സിവിൽ കോഡിനായി തയ്യാറാക്കിയ വിദഗ്ധ സമിതി റിപ്പോര്ട്ടിന് കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
മുൻ സുപ്രീം കോടതി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് യുസിസിയുടെ കരട് സർക്കാരിന് സമർപ്പിച്ചത്. ബില്ലിനെ എതിർക്കാനാണ് കോൺഗ്രസ് തീരുമാനം. പ്രതിപക്ഷ നേതാവ് യശ്പാൽ ആര്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംഎൽഎമാർ സഭയിൽ പ്രതിഷേധം സംഘടിപ്പിക്കും.
ഇന്നലെ ഏകീകൃത സിവിൽ കോഡ് ബില്ലിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെ ഉത്തരാഖണ്ഡിലെ മുസ്ലിം സംഘടനകളും എതിർക്കുകയാണ്. ബില്ലിനെതിരെ മുസ്ലീം സർവീസ് ഓർഗനൈസേഷൻ കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു. ബിജെപി ഭരിക്കുന്ന ഗുജറാത്ത്, അസം സംസ്ഥാനങ്ങളും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള നീക്കത്തിലാണ്.
എക്സാലോജിക്- സിഎംആര്എല് ഇടപാട്: എസ്എഫ്ഐഒയുടെ പരിശോധന ഇന്നും തുടരും