ന്യൂഡല്ഹി: ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കവേ മുതിര്ന്ന നേതാക്കള് മത്സര രംഗത്തിറങ്ങണമെന്ന ആവശ്യം കോണ്ഗ്രസിനകത്ത് ശക്തമായി. മുന് മുഖ്യമന്ത്രിമാരായ അശോക് ഗെഹ്ലോട്ടും ഭൂപേഷ് ഭാഗെലും സ്ഥാനാര്ത്ഥികളായി അതത് സംസ്ഥാനങ്ങളിലെ പ്രചരണം മുന്നില് നയിക്കണമെന്നടക്കമാണ് ആവശ്യം.
2019ല് ആകെ 52 സീറ്റുകളിലാണ് കോണ്ഗ്രസ് വിജയിച്ചത്. പഞ്ചാബ്, ഡല്ഹി, രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഹരിയാന, ഹിമാചല്പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്പ്രദേശ് എന്നീ ഒമ്പത് വടക്കേ ഇന്ത്യന് സംസ്ഥാനങ്ങളിലെ 184 സീറ്റുകളില് നിന്നായി 12 സീറ്റുകളില് മാത്രമേ വിജയിക്കാന് കഴിഞ്ഞിരുന്നുള്ളൂ.
രാജസ്ഥാനില് നടന്ന കോണ്ഗ്രസ് പാര്ട്ടി ഭാരവാഹികളുടെ യോഗത്തില് അശോക് ഗെഹ്ലോട്ട്, പാര്ട്ടി അദ്ധ്യക്ഷന് ഗോവിന്ദ് സിങ് ദോസ്താര ഉള്പ്പെടെയുള്ള മുഴുവന് മുതിര്ന്ന നേതാക്കളെല്ലാം മത്സരിക്കാന് ഇറങ്ങണമെന്ന് മുന് സ്പീക്കര് സി പി ജോഷി ആവശ്യപ്പെട്ടെന്നാണ് റിപ്പോര്ട്ടുകള്. എന്നാല് ഗെഹ്ലോട്ട് ഇക്കാര്യത്തില് ഇത് വരെ അഭിപ്രായമൊന്നും രേഖപ്പെടുത്തിയിട്ടില്ല.
ഛത്തീസ്ഗഢിലും സമാനതരത്തില് ആവശ്യം ഉയര്ന്നു. മുന് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല് മത്സരിക്കണമെന്നാണ് ആവശ്യം. ഭാഗെല് മത്സരരംഗത്തിറങ്ങിയാല് കഴിഞ്ഞ തവണത്തേതിനേക്കാള് മെച്ചപ്പെട്ട ഫലമുണ്ടാകുമെന്നാണ് കോണ്ഗ്രസ് പ്രവര്ത്തകര് പറയുന്നത്. ഉത്തര്പ്രദേശില് മുതിര്ന്ന കോണ്ഗ്രസ് നേതാക്കള് മത്സരരംഗത്തിറങ്ങിയാല് കൂടുതല് സീറ്റുകള് അനുവദിക്കാമെന്ന നിലപാടാണ് എസ്പി സ്വീകരിക്കുന്നത്.