ലഖ്നൗ: കെന്റുകി ഫ്രൈഡ് ചിക്കന് (കെഎഫ്സി) അയോധ്യയില് ഔട്ട്ലെറ്റ് തുടങ്ങാന് അനുമതി നല്കി അധികൃതര്. അയോധ്യയില് കെഫ്സി തുടങ്ങാമെന്നും എന്നാല് നിയന്ത്രിതമേഖലകളില് പച്ചക്കറി വിഭവങ്ങള് മാത്രമേ വില്ക്കാവൂ എന്നും അയോധ്യ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നിതീഷ് കുമാര് അറിയിച്ചു.
വ്യത്യസ്തമായ ചിക്കന് വിഭവങ്ങളാണ് കെഎഫ്സിയുടെ പ്രധാന ആകര്ഷണം. നിയന്ത്രിത മേഖലയ്ക്ക് പുറത്ത് കെഎഫ്സിക്ക് മത്സ്യ-മാംസാദികള് വില്ക്കാം. അയോധ്യ രാമക്ഷേത്രത്തിന്റെ 15 കിലോമീറ്റര് ചുറ്റളവില് മത്സ്യ-മാംസ വിഭവങ്ങളും മദ്യവും വില്ക്കുന്നതിന് അയോധ്യ അഡ്മിനിസ്ട്രേഷന് നിരോധനം ഏര്പ്പെടുത്തിയിരുന്നു.
''കെഎഫ്സി ഉൾപ്പെടെ എല്ലാ ബ്രാൻഡുകളെയും അയോധ്യയിൽ തങ്ങളുടെ ഔട്ട്ലെറ്റുകൾ തുറക്കാൻ സ്വാഗതം ചെയ്യുന്നു. അയോധ്യയിൽ നോൺ വെജിറ്റേറിയൻ ഇനങ്ങളും മദ്യവും വിളമ്പുന്നതിനും വിൽക്കുന്നതിനും നിരോധനമുള്ള പ്രദേശത്ത് ഔട്ട്ലെറ്റുകൾ തുറന്നാൽ, സസ്യാഹാരം വിൽക്കേണ്ടിവരും. അയോധ്യയുടെ ബാക്കി ഭാഗങ്ങളിൽ യാതൊരു നിയന്ത്രണവുമില്ല," നിതീഷ് കുമാര് പറഞ്ഞു.
ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും സമാനമായ നിയന്ത്രണം നിലവിലുണ്ട്. അതിനാൽ, മാംസാഹാരങ്ങൾ വിളമ്പുന്ന കെഎഫ്സി പോലുള്ള ഭക്ഷ്യ ശൃംഖലകൾ നഗരപരിധിക്ക് പുറത്ത് ഹരിദ്വാർ-റൂർക്കി ഹൈവേയിലാണ് സ്ഥിതി ചെയ്യുന്നത്. ജനുവരി 22-ന് അയോധ്യാ രാമക്ഷേത്രം തുറന്നതോടെ പ്രദേശത്ത് സന്ദര്ശകരുടെ തിരക്കാണ്. ഇതേ തുടര്ന്ന് നിരവധി ഭക്ഷണശാലകളും മറ്റ് കടകളും ക്ഷേത്ര പരിസരത്ത് തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്താരാഷ്ട്ര ബ്രാന്ഡുകളെ പ്രദേശത്തേയ്ക്ക് സ്വാഗതം ചെയ്തുകൊണ്ട് അധികൃതര് രംഗത്ത് എത്തിയത്.