ന്യൂഡല്ഹി: നന്ദി പ്രമേയ ചര്ച്ചക്കുള്ള മറുപടിയില് കോണ്ഗ്രസിനെ കുറ്റപ്പെടുത്തുക എന്ന കാര്യത്തില് മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും തൊഴിലില്ലായ്മയെ കുറിച്ചോ വിലക്കയറ്റത്തെ കുറിച്ചോ സാമ്പത്തിക അസമത്വത്തെ കുറിച്ചോ മിണ്ടിയില്ലെന്നും കോണ്ഗ്രസ് അദ്ധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ. യുപിഎ സര്ക്കാരിനെ കുറിച്ച് നുണകള് പറഞ്ഞെന്നും ആരോപിച്ചു.
'ഭരണഘടനയില് വിശ്വസിക്കാത്തവര് കോണ്ഗ്രസിനെ ദേശസ്നേഹം പഠിപ്പിക്കുകയാണ്. മോദി, പത്തുവര്ഷമായി അധികാരത്തിലുണ്ടായിട്ടും അതിനെ കുറിച്ച് സംസാരിക്കാതെ, ഇരുസഭകളിലും താങ്കള് നടത്തിയ പ്രസംഗങ്ങള് കോണ്ഗ്രസിനെ കുറ്റപ്പെടുത്തുക എന്നത് മാത്രമാണ്. ഇന്ന്, വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക അസമത്വം എന്നിവയെ കുറിച്ച് മിണ്ടിയില്ല. സത്യത്തില് സര്ക്കാരിന്റെ കയ്യില് ഒരു വിവരവുമില്ല. എന്ഡിഎ എന്നാല് 'നോ ഡാറ്റ അവയിലബിള്' സര്ക്കാരാണ്. 2021ലെ സെന്സസ് നടപ്പിലാക്കിയില്ല, തൊഴില് വിവരങ്ങളില്ല, ആരോഗ്യ സര്വേയില്ല. എല്ലാ കണക്കുകളും മറച്ചുവെച്ച് നുണകള് പരത്തുകയാണ്. നുണ പ്രചരിപ്പിക്കും എന്നത് മാത്രമാണ് മോദിയുടെ ഗ്യാരണ്ടി.',
ഭരണഘടനയില് വിശ്വസിക്കാത്തവര്, ദണ്ഡി മാര്ച്ചിലും ക്വിറ്റ് ഇന്ഡ്യ പ്രസ്ഥാനത്തിലും പങ്കെടുക്കാത്തവര് കോണ്ഗ്രസിനെ ദേശസ്നേഹം പഠിപ്പിക്കുകയാണ്. യുപിഎ സര്ക്കാരിനെ കുറിച്ച് കുറെ നുണകള് പറഞ്ഞു. യുപിഎ സര്ക്കാര് കാലത്ത് തൊഴിലില്ലായ്മ നിരക്ക് 2.2 ശതമാനം ആയിരുന്നു. നാല്പ്പത്തിയഞ്ച് വര്ഷത്തിനിടെ ഏറ്റവും ഉയര്ന്ന നിരക്കിലാണ് നിങ്ങളുടെ കാലത്ത്. എന്തേ അങ്ങനെ ആയിപോയി. യുപിഎ കാലത്ത് ശരാശരി ജിഡിപി വളര്ച്ച നിരക്ക് 8.13 ശതമാനമായിരുന്നു. നിങ്ങളുടെ കാലത്ത് 5.6 ശതമാനവും. എന്ത് കൊണ്ടാണതെന്നും ഖാര്ഗെ ചോദിച്ചു.