ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ പാസ്പോർട്ട് ഉടമകളുള്ള സംസ്ഥാനമായി കേരളം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണിത്. 4 കോടി ജനസംഖ്യയുള്ള സംസ്ഥാനത്ത് 1 കോടി (99 ലക്ഷം) പാസ്പോർട്ട് ഉടമകളാണുള്ളത്. എന്നാൽ ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ(24 കോടി)യുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ 88 ലക്ഷം പാസ്പോർട്ട് ഉടമകളാണുള്ളത്. രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്. 13 കോടി ജനസംഖ്യയിൽ 98 ലക്ഷം പേർക്കാണ് പാസ്പോർട്ട് ഉള്ളത്.
പഞ്ചാബിൽ 70.14 ലക്ഷം പാസ്പോർട്ട് ഉടമകൾ മാത്രമാണുള്ളത്. പാസ്പോർട്ട് ഉള്ള സ്ത്രീകളുടെ എണ്ണത്തിലും കേരളം മുന്നിലാണ്. 99 ലക്ഷം പാസ്പോർട്ടുകളിൽ 42 ലക്ഷവും സ്ത്രീകളുടേതാണ്. മഹാരാഷ്ട്രയിൽ 40.8 ലക്ഷം സ്ത്രീകൾക്കാണ് പാസ്പോർട്ട് ഉള്ളത്. യുപിയിലെ പാസ്പോർട്ട് ഉടമകളിൽ 80 ശതമാനത്തിലധികം പുരുഷന്മാരാണ്.
17.3 ലക്ഷം സ്ത്രീകൾക്ക് മാത്രമാണ് സംസ്ഥാനത്ത് പാസ്പോർട്ട് ഉള്ളത്. കൊവിഡിന് ശേഷം വിതരണം ചെയ്യുന്ന പാസ്പോർട്ടുകളുടെ എണ്ണം ഗണ്യമായി ഉയർന്നു. കഴിഞ്ഞ വർഷം ഇന്ത്യയിൽ 1.38 കോടി പുതിയ പാസ്പോർട്ടുകൾ നൽകിയപ്പോൾ 2019-ൽ 1.11 കോടി പാസ്പോർട്ടുകളാണ് നൽകിയത്.