ന്യൂഡല്ഹി: രാജ്യസഭാ ചെയര്മാന് ജഗ്ദീപ് ധന്ഖറും പ്രതിപക്ഷ നേതാവ് മല്ലികാര്ജുന് ഖര്ഗെയും തമ്മിലുള്ള രൂക്ഷമായ വാക്പോരിനാണ് പാര്ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ ശനിയാഴ്ച സാക്ഷ്യം വഹിച്ചത്. മുന് പ്രധാനമന്ത്രിയും മുത്തച്ഛനുമായ ചൗധരി ചരണ് സിങ്ങിന് ഭാരതരത്ന നല്കാനുള്ള സര്ക്കാരിന്റെ തീരുമാനത്തെക്കുറിച്ച് സംസാരിക്കാന് ആര്എല്ഡിയുടെ ജയന്ത് സിങ്ങിന് പാര്ലമെന്റില് അവസരം നല്കിയതിനെ കോണ്ഗ്രസ് എംപിമാര് ചോദ്യം ചെയ്തതാണ് വാക്ക്പോരിലേക്ക് നയിച്ചത്. മല്ലികാര്ജ്ജുന് ഖര്ഗെയുടെ പെരുമാറ്റം തന്നെ വേദനിപ്പിച്ചെന്നും തന്റെ ഇളയമകന്റെ വിയോഗത്തേക്കാള് വലുതായിരുന്നു അതെന്നും ജഗദീപ് ധന്കർ പ്രതികരിച്ചു.
സഭ സമ്മേളിച്ചതിന് പിന്നാലെ ജഗ്ദീപ് ധന്ഖര് ജയന്ത് സിങ്ങിനെ സംസാരിക്കാന് ക്ഷണിച്ചതാണ് പ്രശ്നങ്ങള്ക്ക് തുടക്കം. മുന് പ്രധാനമന്ത്രിമാരായ പി വി നരസിംഹ റാവുവിനും ചൗധരിക്കും ഭാരതരത്ന നല്കാനുള്ള സര്ക്കാര് തീരുമാനത്തെക്കുറിച്ച് സംസാരിക്കാന് ജയന്ത് സിങ്ങിന് അവസരം നല്കുമെന്ന് ചെയര്മാന് സൂചിപ്പിക്കുകയോ സഭയുടെ ബിസിനസ്സ് പേപ്പറുകളില് പട്ടികപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് കോണ്ഗ്രസ് എംപിമാര് ആരോപിക്കുകയായിരുന്നു.
പ്രദേശത്ത് രണ്ട് കാട്ടാനകളെന്ന് നാട്ടുകാര്, ദൃശ്യങ്ങള് റിപ്പോര്ട്ടറിന്അതിനിടെ ജയന്ത് സിംഗിനോട് താങ്കള്ക്ക് എവിടെയാണ് പോകേണ്ടതെന്ന് ജയറാം രമേശ് ചോദിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ആര്എല്ഡി, എന്ഡിഎ സഖ്യത്തിലേക്ക് പോകുന്നത് സൂചിപ്പിച്ചായിരുന്നു ജയറാം രമേശിന്റെ കമന്റ്. അതാണ് ജഗദീപ് ധന്ഖറിനെ ചൊടിപ്പിച്ചത്. ജയറാം രമേശ് സഭയില് ഇരിക്കാന് യോഗ്യനല്ലെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട്, സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള 'ധവളപത്ര'ത്തെക്കുറിച്ചുള്ള ചര്ച്ചയ്ക്ക് ശേഷം, ജദീപ് ധന്ഖര് വീണ്ടും ജയറാം രമേശിനെ വിമര്ശിക്കുകയും അദ്ദേഹത്തിന്റെ പരാമര്ശത്തെ അപലപിക്കുകയും ചെയ്തു.
തുടര്ന്ന് കോണ്ഗ്രസ് എംപിമാരുടെ പ്രതിഷേധത്തിനിടെ ജഗദീപ് ധന്ഖര് മല്ലികാര്ജുന് ഖര്ഖെയെ സംസാരിക്കാന് ക്ഷണിച്ചു. നേതാക്കള്ക്ക് ഭാരത് രത്ന നല്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തില് കോണ്ഗ്രസിന് തര്ക്കമൊന്നുമില്ല. എന്നാല് ജയന്ത് സിംഗിനെ സംസാരിക്കാന് അനുവദിച്ചത് ഏത് ചട്ടപ്രകാരമാണെന്ന് വ്യക്തമാക്കണമെന്ന് ഖര്ഖെ പറഞ്ഞു.
ഒരു വശത്ത് നിങ്ങള് നിയമങ്ങളെക്കുറിച്ച് സംസാരിക്കുന്നു. നിങ്ങള്ക്ക് വിവേചനാധികാരമുണ്ട്. ആ വിവേചനാധികാരം വിവേകത്തോടെ ഉപയോഗിക്കണം, നിങ്ങള്ക്ക് ആവശ്യമുള്ളപ്പോഴല്ല എന്ന് മല്ലികാര്ജ്ജുന് ഖര്ഗെ കടന്നാക്രമിച്ചു. പിന്നാലെ ചൗധരി ചരണ് സിംഗിനെയും അദ്ദേഹത്തിന്റെ കീര്ത്തിയെയും കോണ്ഗ്രസ് അപമാനിച്ചുവെന്നായി ജഗദീപ് ധന്ഖറിന്റെ വാദം. അതിനിടെ ചെയറിനോട് അനാദരവ് കാണിച്ചതിന് മല്ലികാര്ജുന് ഖാര്ഗെ മാപ്പ് പറയണമെന്ന് സഭാ നേതാവും കേന്ദ്രമന്ത്രിയുമായ പിയൂഷ് ഗോയല് ആവശ്യപ്പെട്ടു.
പിന്നാലെ രണ്ട് മിനിറ്റ് സംസാരിക്കാന് ജയന്ത് സിങ്ങില് നിന്ന് തനിക്ക് ലഭിച്ച നോട്ടീസ് ജഗ്ദീപ് ധന്ഖര് വായിക്കുകയും തന്റെ സബ്മിഷന് പൂര്ത്തിയാക്കാന് ആര്എല്ഡി എംപിയെ അനുവദിക്കുകയും ചെയ്തു.
'എന്നെ സംബന്ധിച്ച് വേദനാജനകമായ ദിനമാണിന്ന്. ഞാന് നിങ്ങളുടെ സംരക്ഷണം തേടുകയാണ്. മാന്യമായ ഒരു പാത പിന്തുടരുന്നത് ചിലപ്പോള് ബുദ്ധിമുട്ടാണ്.' എന്ന് ജയന്ത് സിംഗ് തന്റെ അവസരത്തിനിടെ പറഞ്ഞു. താനൊരു കര്ഷക കുടുംബത്തില് നിന്നും വരുന്നതിനാല് ദുര്ബലനല്ലെന്നും ഇതിനകം പലതും സഹിച്ചുവെന്നും ജയന്ത് സിംഗ് കൂട്ടിച്ചേര്ത്തു. തുടര്ന്ന് പ്രതിപക്ഷത്തിന്റെ പെരുമാറ്റം അപ്രതീക്ഷിതവും ലജ്ജാകരവും വേദനാജനകവുമാണെന്ന് ചെയര്മാന് കൂട്ടിച്ചേര്ത്തു.