ചെന്നൈ: എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റിലായ സെന്തില് ബാലാജി ഒടുവില് മന്ത്രിസ്ഥാനം രാജിവെച്ചു. തുടര്ച്ചയായി സെന്തില് ബാലാജിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്ന്ന് അറസ്റ്റിലായി എട്ടുമാസത്തിന് ശേഷമാണ് തീരുമാനം. കള്ളപ്പണം വെളുപ്പിക്കല്, ജോലിക്ക് കോഴ കേസുകളിലായിരുന്നു ഇഡി സെന്തില് ബാലാജിയെ അറസ്റ്റ് ചെയ്തത്.
ഇഡി അറസ്റ്റിന് പിന്നാലെ എം കെ സ്റ്റാലിന് മന്ത്രിസഭയില് വകുപ്പില്ലാ മന്ത്രിയായി തുടരുകയായിരുന്നു സെന്തില് ബാലാജി. ഇന്നലെ രാത്രി ഏറെ വൈകിയാണ് സെന്തില് ബാലാജി മന്ത്രിസ്ഥാനം രാജിവെച്ചുവെന്ന വാര്ത്ത പുറത്തുവന്നത്. സെന്തില് ബാലാജിയുടെ രാജിക്കത്ത് ലഭിച്ചെന്നും ഗവര്ണറുടെ അംഗീകാരത്തിനായി ഇത് അയച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
മദ്രാസ് ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കാന് ദിവസങ്ങള് ശേഷിക്കെയാണ് സെന്തില് ബാലാജിയുടെ രാജി. മന്ത്രി എന്ന സ്വാധീനം ദുരുപയോഗം ചെയ്യാന് സാധ്യതയുണ്ടെന്ന് നേരത്തെ ജാമ്യാപേക്ഷ നിരസിക്കവെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ബാലാജി മന്ത്രിയായി തുടരുന്നത് സംശുദ്ധ ഭരണസംവിധാനത്തിന് ചേര്ന്നതല്ലെന്നും ഭരണഘടനയെ പരിഹസിക്കുന്ന നിലപാടാണെന്നും കോടതി അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
2023 ജൂണിലാണ് സെന്തില് ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ വകുപ്പുകള് എടുത്ത് മാറ്റിയിരുന്നു. 2013-14 കാലഘട്ടത്തില് മന്ത്രിയായിരിക്കെ ഡ്രൈവര്, കണ്ടക്ടര്, മെക്കാനിക്, എന്ജിനീയര് തസ്തികകളില് ജോലി വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്നാണ് കേസ്.