ചെന്നൈ: ഇടുക്കി ചിന്നക്കനാലിൽ നിന്ന് നാട് കടത്തിയ കാട്ടാന അരിക്കൊമ്പൻ ചരിഞ്ഞെന്ന പ്രചാരണം തമിഴ്നാട് വനം വകുപ്പ് തള്ളി. അപ്പർ കോതയാർ വനമേഖലയിലാണ് ആന ഇപ്പോഴുള്ളത്. ആന ആരോഗ്യവാനാണ്. ചരിഞ്ഞെന്ന പ്രചാരണം ദുരുദ്ദേശപരമാണെന്നും തമിഴ്നാട് വനംവകുപ്പ് വിശദീകരിച്ചു.
അരിക്കൊമ്പനെ കുങ്കിയാന ആക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് തമിഴ്നാട് പി സി സി എഫ് ശ്രീനിവാസ് ആർ റെഡ്ഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അപ്പർ കോതയാർ വന മേഖലയിൽ തുറന്നുവിട്ട ആനയെ വീണ്ടും പിടികൂടുന്നതിനോട് വനംവകുപ്പിന് താത്പര്യമില്ല.
അതേസമയം, മാനനന്തവാടിയിൽ ആളെ കൊന്ന കാട്ടാനയെ തുരത്താനുള്ള ദൗത്യം ഇന്നും തുടരുകയാണ്. മണ്ണുണ്ടി കോളനിക്ക് സമീപം ചെമ്പകപ്പാറ വനത്തിൽ ബേലൂർ മഗ്നയ്ക്കു വേണ്ടിയുള്ള തിരച്ചിൽ തുടങ്ങി. നാല് കുങ്കിയാനകളുടെ സഹായത്തോടെ തന്നെയാവും ഇന്നത്തേയും ദൗത്യം. ഏറുമാടം കെട്ടി മരത്തിന് മുകളിലിരുന്നും ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കും. റേഡിയോ കോളറിൽ നിന്ന് സിഗ്നലുകൾ കിട്ടിത്തുടങ്ങിയിട്ടുണ്ട്. ഇരുമ്പുപാലം ഭാഗത്താണ് ഇപ്പോൾ ആനയുള്ളത്.