ന്യൂഡല്ഹി: കര്ണാടക, മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ രാജ്യസഭ സീറ്റുകളിലേക്കുള്ള സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ച് കോണ്ഗ്രസ്. കര്ണാടകത്തില് നിന്ന് അജയ് മാക്കെന്, ഡോ. സയ്യിദ് നാസര് ഹുസൈന്, ജി സി ചന്ദ്രശേഖര് എന്നിവരും മധ്യപ്രദേശില് നിന്ന് അശോക് സിങും തെലങ്കാനയില് നിന്ന് രേണുകാ ചൗധരിയും അനില് കുമാര് യാദവും മത്സരിക്കും.
മധ്യപ്രദേശില് രാജ്യസഭ സീറ്റ് ചോദിച്ച മുന് മുഖ്യമന്ത്രി കമല്നാഥിന്റെ ആവശ്യം തള്ളുന്ന കാഴ്ചയാണ് ഹൈക്കമാന്ഡ് സ്ഥാനാര്ത്ഥിയെ പ്രഖ്യാപിച്ചപ്പോള് കാണാന് സാധിച്ചത്. രാജ്യസഭ സീറ്റ് തന്നില്ലെങ്കില് ബിജെപിയില് ചേരാനാണ് കമല്നാഥ് ഒരുങ്ങുന്നതെന്ന് റിപ്പോര്ട്ടുകള് ഉണ്ടായിരുന്നു. കമല്നാഥ് ഉയര്ത്തുന്ന ഭീഷണിയെ പരിഗണിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചതെന്നാണ് അശോക് സിങിന്റെ സ്ഥാനാര്ത്ഥിത്വത്തിലൂടെ വ്യക്തമാവുന്നത്.
കോണ്ഗ്രസുമായുള്ള പതിറ്റാണ്ടുകള് നീണ്ട ബന്ധം അവസാനിപ്പിക്കുന്ന കമല്നാഥിന് രാജ്യസഭാ സീറ്റും മകന് ചിന്ദ്വാര ലോക്സഭാ സീറ്റും കേന്ദ്ര മന്ത്രിപദവും നല്കാമെന്നതാണ് ബിജെപി വാഗ്ദാനമെന്നാണ് വിവരം. വെള്ളിയാഴ്ച കമല്നാഥ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യസഭാ സീറ്റ് ആവശ്യവുമായായിരുന്നു കൂടിക്കാഴ്ച. ഇതിന് പിന്നാലെയാണ് കോണ്ഗ്രസിന്റെ മുതിര്ന്ന നേതാവ് ബിജെപിയിലേക്ക് ചേക്കേറുമെന്ന വാര്ത്തകള് പുറത്തുവരുന്നത്. കമല്നാഥ് ബിജെപിയുമായി ചര്ച്ച നടത്തിക്കഴിഞ്ഞുവെന്നും, കൂടുതല് നല്ല 'ഡീലി'നായി കാത്തിരിക്കുകയാണെന്നുമാണ് മധ്യപ്രദേശില് നിന്നുള്ള ഒരു കോണ്ഗ്രസ് എംഎല്എ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.