ശ്രീനഗർ: പശ്ചിമ ബംഗാളിന് പിന്നാലെ ജമ്മു കശ്മീരിലും ഇൻഡ്യ മുന്നണിക്ക് തിരിച്ചടി. മുന്നണിയുമായി സഖ്യമുണ്ടാകില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും നാഷണൽ കോൺഫറൻസ് വ്യക്തമാക്കി. എന്നാൽ സീറ്റ് വിഭജന ചർച്ചകൾ തുടരുകയാണെന്നാണ് കോൺഗ്രസിന്റെ മുതിർന്ന നേതാവ് ജയറാം രമേശ് വ്യക്തമാക്കുന്നത്. എല്ലാ പാർട്ടികൾക്കും പരിമിതികളുണ്ട്. നാഷണൽ കോൺഫറൻസും പിഡിപിയും ഇന്ത്യ മുന്നണിയുടെ ഭാഗമായി തുടരുമെന്നും ജയറാം രമേശ് പറഞ്ഞു.
പശ്ചിമ ബംഗാളിൽ ഇൻഡ്യ മുന്നണിക്കൊപ്പമല്ല, ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് മമതാ ബാനർജിയുടെ ത്രിണമൂൽ കോൺഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. കോൺഗ്രസിന്റെ നിലപാടുകളോട് അതൃപ്തിയറിയിച്ചായിരുന്നു പാർട്ടിയുടെ തീരുമാനം. എട്ട് മാസമാണ് സീറ്റ് വിഭജനം അന്തിമമാക്കാൻ കാത്തിരുന്നതെന്നും കോൺഗ്രസാണ് മുന്നണി ഐക്യം തകർത്തതെന്നായിരുന്നു ടിഎംസി അഖിലേന്ത്യാ സെക്രട്ടറി അഭിഷേക് ബാനർജി പറഞ്ഞത്. ബംഗാളിലെ കോൺഗ്രസ് അധ്യക്ഷൻ അധിർരഞ്ജൻ ചൌധരിക്കെതിരെയും അദ്ദേഹം രംഗത്തെത്തിയിരുന്നു.
ബംഗാളിൽ ലോക്സഭ സീറ്റ് വിഭജനം തകർത്തത് കോൺഗ്രസാണെന്ന് മമതാ ബാനർജിയും ആരോപിച്ചിരുന്നു. സിപിഐഎമ്മുമായി സഹകരിക്കാതിരുന്നാല് കോണ്ഗ്രസിന് സീറ്റ് നല്കുന്ന കാര്യം ആലോചിക്കാമെന്നും മമത ബാനർജി വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ മമതാ ബാനര്ജി ഡല്ഹി, പഞ്ചാബ് മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാള്, ഭഗവന്ത് മാന് എന്നിവരുമായി കൂടിക്കാഴ്ച്ചക്കൊരുങ്ങുകയാണ്. ഫെബ്രുവരി 21 ന് പഞ്ചാബ് സന്ദര്ശനത്തിനിടെയായിരിക്കും കൂടിക്കാഴ്ച്ച. സംസ്ഥാനത്ത് എത്തുന്ന മമത സുവര്ണ്ണ ക്ഷേത്രത്തിലും സന്ദര്ശനം നടത്തിയേക്കും. മുന്നണിയിൽ പ്രാദേശിക പാർട്ടികളെല്ലാം കോൺഗ്രസിനെതിരെ തിരിഞ്ഞിരിക്കുകയാണ്.
പഞ്ചാബ് സന്ദര്ശനത്തിനൊരുങ്ങി മമത; കെജ്രിവാളുമായും ഭഗവത് മാനുമായും കൂടിക്കാഴ്ച്ച