![search icon](https://www.reporterlive.com/assets/images/icons/search.png)
ന്യൂഡല്ഹി: കോണ്ഗ്രസ് നേതാവും എംപിയുമായ സോണിയാഗാന്ധിയുടെ ആസ്തിയില് ക്രമാനുഗതമായ വര്ധന. 12.53 കോടിയുടെ സ്ഥാവര ജംഗമ വസ്തുക്കളാണ് സോണിയയുടെ ആകെ ആസ്തി. 2014 ല് ഇത് 9.28 കോടിയും 2019 ല് 11.82 കോടിയുമായിരുന്നു.
2014 മുതല് 2019 വരെ 27.59 ശതമാനത്തിന്റെ വര്ധനയും 2019 മുതല് 2024 വരെ 5.89 ശതമാനത്തിന്റെ വര്ധനയുമാണ് രേഖപ്പെടുത്തിയത്. സ്ഥാവര വസ്തുക്കളുടെ ഏറിയ പങ്കും ആഭരണങ്ങളാണ്. 1.07 കോടി രൂപയുടെ ആഭരണങ്ങളാണ് സോണിയയുടെ പക്കലുള്ളത്. ഇതില് 1.4 കിലോ സ്വര്ണ്ണം, 88 കിലോ വെള്ളി എന്നിവ വരും.
ഇറ്റലിയില് പാരമ്പര്യമായി ലഭിച്ച ഒരു വീട്ടില് സോണിയാ ഗാന്ധിക്കും ഓഹരിയുണ്ട്. നിലവിലെ വിപണി മൂല്യമനുസരിച്ച് വസ്തുവിന് 26.83 ലക്ഷം രൂപ വരുമെന്ന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില് പറയുന്നു. 2014 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള അവരുടെ വോട്ടെടുപ്പ് സത്യവാങ്മൂലം അനുസരിച്ച്, ഇറ്റലിയിലെ സ്വത്തില് അവരുടെ ഓഹരിയുടെ മൂല്യം 19.9 ലക്ഷം രൂപയായിരുന്നു.
എംപി ശമ്പളം, റോയല്റ്റി ഇന്കം, ബാങ്കുകള്, ബോണ്ട് എന്നിവയില് നിന്നുള്ള പലിശ, മ്യൂച്വല് ഫണ്ടില് നിന്നുള്ള മൂലധനം എന്നിവയാണ് സോണിയാഗാന്ധി വരുമാനത്തിന്റെ സ്രോതസായി കാണിച്ചിട്ടുള്ളത്. സാമൂഹിക മാധ്യമ അക്കൗണ്ടുകള് ഒന്നും ഉള്ളതായി സോണിയ തന്റെ സത്യവാങ്മൂലത്തില് കാണിച്ചിട്ടില്ല.