ഭോപ്പാൽ: മധ്യപ്രദേശിൽ നിന്നുള്ള മുതിർന്ന നേതാവ് കമൽനാഥും മകനും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ സോഷ്യൽ മീഡിയ ബയോയിൽ നിന്നും കോൺഗ്രസ് ഒഴിവാക്കി കമൽനാഥിൻ്റെ മകൻ നകുൽനാഥ്. ഇതിനിടെ കമൽനാഥ് ദില്ലിയിൽ എത്തിച്ചേർന്നു. നിരവധി കോൺഗ്രസ് എംഎൽഎമാരും കമൽനാഥിനൊപ്പം ദില്ലിൽ എത്തിയിട്ടുണ്ട്. ദില്ലിയിലെത്തിയ കമൽനാഥ് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. നാളെയോ മറ്റന്നാളോ ബിജെപി അംഗത്വം സ്വീകരിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
പാർട്ടിയുടെ തീരുമാനങ്ങളിൽ കോൺഗ്രസ് നേതാക്കൾ അസ്വസ്ഥരാണെന്ന് മധ്യപ്രദേശ് ബിജെപി അധ്യക്ഷൻ വി ഡി ശർമ നേരത്തെ പറഞ്ഞിരുന്നു. നിവധി നേതാക്കൾ ഈ ആഴ്ച കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. മുൻ എംഎൽഎ ദിനേശ് അഹിർവാറും വിദിഷയിൽ നിന്നുള്ള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് രാകേഷ് കടാരയും ഫെബ്രുവരി 12ന് ബിജെപിയിൽ ചേർന്നിരുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാൺ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം കോൺഗ്രസ് നിരസിച്ചതിൽ അസ്വസ്ഥരായ മുതിർന്ന നേതാക്കൾക്കായി ബിജെപി വാതിലുകൾ തുറന്നിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വി ഡി ശർമ്മ ഇന്നലെ പറഞ്ഞിരുന്നു. 'ഞങ്ങളുടെ പ്രത്യയശാസ്ത്രത്തിലും നേതൃത്വത്തിലും വിശ്വസിക്കുന്നവര്ക്കായി വാതിലുകള് തുറന്നിടുകയെന്നതാണ് നയം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില് അത് ചെയ്യാന് തയ്യാറാണ്.' എസ് ശര്മ വിശദീകരിച്ചു. രാമന് ഇന്ത്യയുടെ ഹൃദയത്തിലാണ്. കോണ്ഗ്രസ് ആ വികാരത്തെ വൃണപ്പെടുത്തി. കമല്നാഥോ നകുല്നാഥോ ആവട്ടെ, വേദനിക്കുന്ന ആര്ക്കും ബിജെപിയിലേക്ക് വരാം. വാതിലുകള് തുറന്ന് കിടക്കുകയാണെന്നായിരുന്നു വി ഡി ശര്മയുടെ പ്രതികരണം പറഞ്ഞു.
മധ്യപ്രദേശിലെ ചിന്ദ്വാര ലോക്സഭാ സീറ്റിനെ പ്രതിനിധീകരിക്കുന്ന കമൽനാഥിൻ്റെ മകൻ നകുൽനാഥ് ഇവിടെ നിന്നും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യപിച്ചിട്ടുണ്ട്. കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കമൽനാഥ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് നേരത്തെ നകുൽനാഥ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തുടർച്ചയായി ഒമ്പത് തവണ കമൽനാഥിനെ വിജയിപ്പിച്ച കോൺഗ്രസ് കോട്ടയാണ് ചിന്ദ്വാര. 2019 ലെ തിരഞ്ഞെടുപ്പിൽ, സംസ്ഥാനത്തെ മറ്റ് 28 സീറ്റുകളിലും ബിജെപി വിജയിച്ചപ്പോഴും ചിന്ദ്വാരയിൽ വിജയിച്ചത് നകുൽനാഥായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച്ച കമല്നാഥ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യസഭാ സീറ്റ് ആവശ്യവുമായായിരുന്നു കൂടിക്കാഴ്ച. എന്നാല് കോണ്ഗ്രസ് കമല്നാഥിന് രാജ്യസഭാ സീറ്റ് നല്കാനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് പിന്നാലെയാണ് കോണ്ഗ്രസിന്റെ മുതിര്ന്ന നേതാവ് ബിജെപിയിലേക്ക് ചേക്കേറുമെന്ന വാര്ത്തകള് പുറത്തുവരുന്നത്. കമല്നാഥ് ബിജെപിയുമായി ചര്ച്ച നടത്തിക്കഴിഞ്ഞുവെന്നും, കൂടുതല് നല്ല 'ഡീലി'നായി കാത്തിരിക്കുകയാണെന്നുമാണ് മധ്യപ്രദേശില് നിന്നുള്ള ഒരു കോണ്ഗ്രസ് എംഎല്എ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.