ഭോപ്പാൽ: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ കമൽനാഥ് ബിജെപിയിലേക്ക് കൂടുമാറുമോ? ഉയരുന്ന ഈ സംശയം തള്ളാതെയാണ് കമൽനാഥ് ഇന്ന് മാധ്യമങ്ങൾക്ക് മറുപടി നൽകിയത്. എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കുമെന്നും ആവേശഭരിതരാകേണ്ടതില്ലെന്നുമായിരുന്നു കമൽനാഥിന്റെ പ്രതികരണം. ബിജെപിയിലേക്ക് പോകില്ലെന്ന് ഉറപ്പിച്ച് പറയാൻ കമൽനാഥ് തയ്യാറായിട്ടില്ല. ഇതിനിടെ മകൻ നകുൽ നാഥ് തന്റെ സോഷ്യൽ മീഡിയ ബയോയിൽ നിന്ന് കോൺഗ്രസ് എന്നത് എടുത്ത് മാറ്റിയതും ബിജെപിയിലേക്കെന്ന സംശയങ്ങളെ ബലപ്പെടുത്തുകയാണ്.
ഛിന്ദ്വാരയിൽ നിന്ന് നകുലിന് ലോക്സഭയിലേക്ക് ബിജെപി ടിക്കറ്റ് നൽകാനുള്ള സാധ്യതയുണ്ട്. ഇക്കാര്യത്തിലെ തീരുമാനത്തിന് കാത്തിരിക്കുകയാണ് കമൽനാഥെന്നാണ് ലഭിക്കുന്ന സൂചനകൾ. ചിന്ദ്വാര ലോക്സഭാ സീറ്റിനെ പ്രതിനിധീകരിക്കുന്ന കമൽനാഥിൻ്റെ മകൻ നകുൽ നാഥ് ഇവിടെ നിന്നും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കമൽനാഥ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് നേരത്തെ നകുൽനാഥ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തുടർച്ചയായി ഒമ്പത് തവണ കമൽനാഥിനെ വിജയിപ്പിച്ച കോൺഗ്രസ് കോട്ടയാണ് ചിന്ദ്വാര. 2019 ലെ തിരഞ്ഞെടുപ്പിൽ, സംസ്ഥാനത്തെ മറ്റ് 28 സീറ്റുകളിലെല്ലാം ബിജെപി വിജയിച്ചപ്പോഴും ചിന്ദ്വാരയിൽ വിജയിച്ചത് നകുൽ നാഥായിരുന്നു. കമല്നാഥിന് കോണ്ഗ്രസ് രാജ്യസഭാ സീറ്റ് നല്കാനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് പിന്നാലെയാണ് കോണ്ഗ്രസിന്റെ മുതിര്ന്ന നേതാവ് ബിജെപിയിലേക്ക് ചേക്കേറുമെന്ന വാര്ത്തകള് പുറത്തുവരുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുകയാണ്. മുൻ എംഎൽ ദിനേഷ് അഹിർവാർ, കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിദിഷ രാകേഷ് കടാരെ എന്നിവർ ഫെബ്രുവരി 12 ന് ബിജെപിയിൽ ചേർന്നിരുന്നു. പാർട്ടിയുടെ വാതിൽ തുറന്നിരിക്കുകയാണെന്ന്, കൂടുതൽ നേതാക്കളെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ വി ഡി ശർമ്മ കഴിഞ്ഞ ദിവസമാണ് പറഞ്ഞത്. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയിൽ പങ്കെടുക്കാത്തതിൽ അതൃപ്തരായ കോൺഗ്രസ് നേതാക്കളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുകയാണ് ബിജെപി. മധ്യപ്രദേശിൽ രാമക്ഷേത്ര ഉദ്ഘാടനം ബിജെപിക്ക് ഇതിനോടകം ഗുണകരമായി കഴിഞ്ഞിരിക്കുന്നു. എന്നാൽ വലിയ തിരിച്ചടിയാണ് ഇത് സംസ്ഥാനത്ത് കോൺഗ്രസിന് ഏൽപ്പിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയ ബയോയിൽ നിന്നും കോൺഗ്രസ് ഒഴിവാക്കി നകുൽനാഥ്; ബിജെപി നേതാക്കളെ കാണാൻ കമൽനാഥ് ഡൽഹിയിലെത്തി