രാഹുലും പ്രിയങ്കയും തമ്മിൽ ഭിന്നത രൂക്ഷം; കാരണം നേതൃസ്ഥാനമെന്നും ബിജെപി

ഉത്തർപ്രദേശിൽ ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് പ്രിയങ്ക ഗാന്ധി എത്തില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് ബിജെപിയുടെ ആരോപണം.

dot image

ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമാണെന്ന് ബിജെപിയുടെ ആരോപണം. പാർട്ടിയുടെ നേതൃസ്ഥാനത്തെച്ചൊല്ലിയാണ് തർക്കമെന്ന് ബിജെപി ആരോപിക്കുന്നു. ഉത്തർപ്രദേശിൽ ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് പ്രിയങ്ക ഗാന്ധി എത്തില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് ബിജെപിയുടെ ആരോപണം.

ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് യാത്രയുടെ ഭാഗമാകാൻ കഴിയില്ലെന്ന് പ്രിയങ്ക അറിയിച്ചത്. അസുഖബാധിതയായതിനാൽ പ്രിയങ്കയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യം വീണ്ടെടുത്താലുടൻ യാത്രയിൽ പങ്കെടുക്കാൻ താനെത്തുമെന്നും പ്രിയങ്ക എക്സിൽ കുറിച്ചിരുന്നു.

യാത്ര തുടങ്ങിയപ്പോഴും യാത്ര ഉത്തർപ്രദേശിലെത്തിയപ്പോഴും രാഹുലിനൊപ്പം പ്രിയങ്കയില്ലെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ചൂണ്ടിക്കാട്ടി. പാർട്ടിയുടെ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുള്ള പൊരുത്തക്കേടുകൾ എല്ലാവർക്കുമറിയാമെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടി നേതൃത്വത്തിനായുള്ള സഹോദരങ്ങളുടെ പിടിവലിയെക്കുറിച്ച് ഇപ്പോൾ എല്ലാവർക്കുമറിയാമെന്നും അമിത് മാളവ്യ പറഞ്ഞു.

ജനുവരി 14ന് ഇംഫാലിൽ നിന്നാരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര മാർച്ച് 20ന് മുംബൈയിലാണ് അവസാനിക്കുക. ഇന്നലെ ഉത്തർപ്രദേശിലെത്തിയ യാത്ര 21 വരെ അവിടെ തുടരും. 22, 23 തീയതികളിൽ യാത്ര ഉണ്ടാവില്ല. 24, 25 തീയതികളിലും ഉത്തർപ്രദേശിൽ യാത്ര തുടരും.

dot image
To advertise here,contact us
dot image