ന്യൂഡൽഹി: ചണ്ഡീഗഢ് മേയർ സ്ഥാനം രാജിവെച്ച് ബിജെപി നേതാവായ മനോജ് സോങ്കർ. എട്ട് വോട്ടുകൾ പ്രിസൈഡിങ് ഓഫീസർ അസാധുവാക്കിയതിനെ തുടർന്നാണ് മനോജ് സോങ്കർ മേയറായി തിരഞ്ഞെടുക്കപ്പട്ടത്. ബാലറ്റുകൾ അസാധുവാക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സുപ്രീംകോടതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കേസ് സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയായിരുന്നു സോങ്കറുടെ രാജി.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പ്രിസൈഡിംഗ് ഓഫീസറോട് ഫെബ്രുവരി 19 ന് ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു. ധാർമികതയുടെ പേരിലാണ് മേയർ രാജിവച്ചതെന്ന് ചണ്ഡീഗഢ് ബിജെപി അധ്യക്ഷൻ ജതീന്ദർ മൽഹോത്ര പറഞ്ഞു.
എഎപിയും കോൺഗ്രസും, വോട്ടിൽ കൃത്രിമം കാണിച്ചെന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 30-ന് നടന്ന മേയർ തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസും ആം ആദ്മി പാർട്ടിയും സോങ്കറിനെ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു.