ന്യൂഡല്ഹി: മുതിര്ന്ന നേതാവ് കമല്നാഥ് ബിജെപിയില് ചേരില്ലെന്ന് കോണ്ഗ്രസ്. കമല്നാഥ് തന്നെ ഇത് വ്യക്തമാക്കിയെന്ന് എഐസിസി ജനറല് സെക്രട്ടറി ജിതേന്ദ്ര സിങ് എന്ഡിടിവിയോട് പറഞ്ഞു. മാധ്യമ സൃഷ്ടിയാണ് ഇതെന്നാണ് മധ്യപ്രദേശ് കോണ്ഗ്രസ് അദ്ധ്യക്ഷന് ജിതു പട്വാരിയുടെ പ്രതികരണം.
കമല്നാഥിനെതിരെയുള്ള ഗൂഢാലോചനയാണിത്. താന് അദ്ദേഹത്തോട് സംസാരിച്ചു. ഇതെല്ലാം അഭ്യൂഹങ്ങളാണെന്നാണ് കമല്നാഥ് പറഞ്ഞത്. അദ്ദേഹം ഒരു കോണ്ഗ്രസുകാരമാണ്. ഇനിയും അദ്ദേഹം കോണ്ഗ്രസുകാരനായിരിക്കും. അവസാന ശ്വാസം വരെ കോണ്ഗ്രസ് പ്രത്യയശാസ്ത്രമുള്ളയാളായിരിക്കും. ഇതാണ് അദ്ദേഹത്തിന്റെ നിലപാട്. തന്നോട് പറഞ്ഞുവെന്നും ജിതു പട്വാരി പറഞ്ഞു.
കോണ്ഗ്രസ് നേതാവ് കമല്നാഥിനോട് രാഹുല് ഗാന്ധി ഫോണിലൂടെ സംസാരിച്ചെന്നും ഭാരത് ജോഡോ ന്യായ് യാത്ര മധ്യപ്രദേശിലെത്തുമ്പോള് സ്വീകരിക്കേണ്ട കാര്യങ്ങളെ കുറിച്ചും ചര്ച്ച ചെയ്തെന്ന് കമല്നാഥിന്റെ അടുത്ത അനുയായി സജ്ജന് വെര്മ പറഞ്ഞിരുന്നു . താന് ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹം മാധ്യമങ്ങള് ഉണ്ടാക്കിയതാണെന്ന് കമല്നാഥിനെ സന്ദര്ശിക്കാന് ഡല്ഹിയിലെ വസതിയില് എത്തിയപ്പോള് പറഞ്ഞെന്നും സജ്ജന് സിങ് വെര്മ പറഞ്ഞു. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില് സംസ്ഥാനത്ത് സ്വീകരിക്കേണ്ട ജാതി സമവാക്യങ്ങളില് കമല്നാഥ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
'ഞാന് കമല്നാഥുമായി ചര്ച്ച ചെയ്തിരുന്നു. അദ്ദേഹം പറഞ്ഞത് മധ്യപ്രദേശിലെ 29 ലോക്സഭ സീറ്റുകളില് സ്വീകരിക്കേണ്ട ജാതി സമവാക്യങ്ങളിലാണ് ഇപ്പോള് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നാണ്. മറ്റൊന്നിനെ കുറിച്ചും ഇപ്പോള് ആലോചിക്കുന്നില്ലെന്നും പറഞ്ഞു.', കമല്നാഥിനെ സന്ദര്ശിച്ച ശേഷം സജ്ജന് വെര്മ പറഞ്ഞു.
'ഞാന് കമല്നാഥിനോട് സംസാരിച്ചു. അദ്ദേഹം കോണ്ഗ്രസ് വിടുകയാണെന്ന് മാധ്യമങ്ങള് ഉണ്ടാക്കിയതാണ്. എന്ത് സംഭവിക്കുകയാണെങ്കിലും മാധ്യമങ്ങളോട് പറയുമെന്ന് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞിരുന്നു. ഈ കാര്യങ്ങളെല്ലാം മാധ്യമങ്ങള് ഉണ്ടാക്കിയതാണ്. ഭാരത് ജോഡോ ന്യായ് യാത്ര മധ്യപ്രദേശിലേക്ക് കടക്കുകയാണ്. രാഹുല് ഗാന്ധിയോട് കമല്നാഥ് അതിനെ കുറിച്ച് സംസാരിച്ചു. നാളെ കമല്നാഥിനെ സന്ദര്ശിച്ചതിന് ശേഷം വീണ്ടും വരും', സജ്ജന് സിങ് വെര്മ പറഞ്ഞു.
'കമല്നാഥ് അത്തരമൊരു തീരുമാനവും എടുക്കില്ല. രാഷ്ട്രീയമായി മാത്രമല്ല കുടുംബപരമായും മികച്ച ബന്ധമാണ് ഗാന്ധി കുടുംബവുമായുള്ളത്. അദ്ദേഹം രാഹുല് ഗാന്ധിയുമായി ഫോണില് സംസാരിച്ചു. ചില കാര്യങ്ങള് ചര്ച്ച ചെയ്തു. ഞാന് കമല്നാഥിനോടൊപ്പം കഴിഞ്ഞ 40 വര്ഷമായി ഒപ്പമുള്ളയാളാണ്.' ഗാന്ധി കുടുംബവുമായുള്ള ബന്ധം കമല്നാഥ് അവസാനിപ്പിക്കുകയാണോ എന്ന ചോദ്യത്തോട് സജ്ജന് സിങ് വെര്മ ഇങ്ങനെയാണ് പ്രതികരിച്ചത്.