ന്യൂഡല്ഹി: ഫെബ്രുവരി 20 മുതല് 29 വരെയുള്ള ദിവസങ്ങളില് ബിജെപിയിലേക്ക് മറ്റു പാര്ട്ടികളില് നിന്ന് നേതാക്കള് ഒഴുകിയെത്തുമെന്ന് റിപ്പോര്ട്ട്. കോണ്ഗ്രസില് നിന്ന് മാത്രമല്ല ബിഎസ്പിയില് നിന്നും ആംആദ്മി പാര്ട്ടിയില് നിന്നും എംപിമാരും, എംഎല്എമാരും എത്തുമെന്നാണ് ബിജെപി ഉന്നത നേതൃത്വത്തില് നിന്നുള്ള വിവരം.
പരിചയ സമ്പന്നരായ എംപിമാരും എംഎല്എമാരും മാത്രമല്ല, അടുത്തിടെ വിജയിച്ചു എംഎല്എമാരായവരും ബിജെപിയിലെത്തുമെന്നും ബിജെപി വൃത്തങ്ങള് പറയുന്നു. മുതിര്ന്ന കോണ്ഗ്രസ് നേതാവ് കമല്നാഥും മകന് നകുല്നാഥും ബിജെപിയില് ചേരാനൊരുങ്ങുന്നുവെന്ന വാര്ത്തകള് വരുന്നതിനിടെയാണ് ഈ റിപ്പോര്ട്ടും വരുന്നത്.
കോണ്ഗ്രസ് നേതാക്കളായ മനീഷ് തിവാരിയും നവ്ജ്യോത് സിംഗ് സിദ്ധുവും പാര്ട്ടി വിട്ട് ബിജെപിയില് ചേരുന്നുവെന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. ബിഎസ്പി എംപിമാരായ സംഗീത ആസാദ്, റിതേഷ് പാണ്ഡെ എന്നിവരും ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ചേക്കേറാന് ഒരുങ്ങുന്നുവെന്ന റിപ്പോര്ട്ടുകളും ഉണ്ട്.
കോണ്ഗ്രസില് നിന്നും മറ്റുപാര്ട്ടികളില് നിന്നും നേതാക്കളെ പാര്ട്ടിയിലെത്തിക്കുന്നതിന് വേണ്ടി ബിജെപി ഒരു സമിതി ഉണ്ടാക്കിയിട്ടുണ്ട്.
പാര്ട്ടിയെ ശക്തിപ്പെടുത്തുന്നതിനോടൊപ്പം പ്രതിപക്ഷ പാര്ട്ടികളെ ക്ഷീണിപ്പിക്കുക എന്ന് കൂടിയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. നേതാക്കളെ ബിജെപിയിലേക്ക് എത്തിക്കുന്നതിന് വേണ്ടി 'ജോയിനിംഗ് കമ്മറ്റി' എന്ന പേരില് ഉന്നതതല സമിതി നേരത്തെ തന്നെ ബിജെപി രൂപീകരിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി ഭൂപീന്ദര് സിങ് യാദവ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്മ്മ, ദേശീയ ജനറല് സെക്രട്ടറി വിനോദ് താവ്ഡെ, സംഘടന ജനറല് സെക്രട്ടറി ബി എല് സന്തോഷ് എന്നിവരാണ് സമിതിയംഗങ്ങള്. പാര്ട്ടിയിലേക്ക് എത്തിക്കേണ്ട നേതാക്കളെ കണ്ടെത്തുകയും പരിശോധിക്കുകയുമാണ് ഇവരുടെ ഉത്തരവാദിത്വം.
പ്രധാനമന്ത്രി നരേന്ദ്രമന്ത്രിക്കെതിരെ പ്രതിപക്ഷ മുഖം താനാണെന്ന് വരുത്താനുള്ള രാഹുല് ഗാന്ധിയുടെ ശ്രമങ്ങളെ തകര്ക്കുക എന്നതാണ് ബിജെപിയുടെ ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. രാഹുല് ഉയര്ന്നുവരുന്ന ഘട്ടത്തില് കോണ്ഗ്രസില് നിന്നുള്ള ഏതെങ്കിലും പ്രധാന നേതാവിനെ ബിജെപിയിലെത്തിക്കും. ഇങ്ങനെ ചെയ്യുന്നതോടെ രാഹുലിന്റെ പ്രതിച്ഛായ പാര്ട്ടിക്കകത്തും പുറത്തും ഇടിയുമെന്നും ബിജെപി കണക്കുകൂട്ടുന്നു. രാഹുല് ടീമെന്ന പേരില് അറിയപ്പെട്ടിരുന്ന യുവനേതാക്കളില് ഭൂരിപക്ഷം പേരെയും ബിജെപി പാര്ട്ടിയിലെത്തിച്ചു കഴിഞ്ഞു.
ജ്യോതിരാദിത്യ സിന്ധ്യ, ജിതിന് പ്രസാദ, ആര് പി എന് സിങ് എന്നിവര് അവരില് പ്രധാനികളാണ്. സച്ചിന് പൈലറ്റിനെയും മിലിന്ദ് ദിയോറയെയും പാര്ട്ടിയിലെത്തിക്കാന് ബിജെപി ചില ശ്രമങ്ങള് നടത്തിയിരുന്നു. എന്നാല് കഴിഞ്ഞ ഞായറാഴ്ച മിലിന്ദ് ദിയോറ ഏക്നാഥ് ഷിന്ഡേ നയിക്കുന്ന ശിവസേനയില് ചേര്ന്നു. സച്ചിന് പൈലറ്റ് പാര്ട്ടി വിട്ടുപോവാതിരിക്കാന് കോണ്ഗ്രസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
കോണ്ഗ്രസ് വിട്ടെത്തി മുഖ്യമന്ത്രിമാരായവരെയും മുന് മുഖ്യമന്തിമാരെയും ഇക്കാര്യത്തിന് നിയോഗിച്ചിട്ടുണ്ട്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്മ്മ, എന് ബിരേന് സിങ്, പ്രേമ കണ്ഠു, മുന് മുഖ്യമന്ത്രിമാരായ നാരായണ് റാണെ, അമരീന്ദര് സിംഗ്, വിജയ് ബഹുഗുണ, എസ് എം കൃഷ്ണ, ദിംഗംബര് കമ്മത്ത് എന്നിവരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഹരിയാന, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട കോണ്ഗ്രസ് നേതാക്കളില് ചിലരുമായി ബന്ധം പുലര്ത്തുന്നുണ്ടെന്നാണ് ബിജെപി വൃത്തങ്ങളില് നിന്നുള്ള വിവരം. അതില് ചിലര് ഈ മാസവും തിരഞ്ഞെടുപ്പിനോടടുത്തും പാര്ട്ടിയില് ചേരുമെന്നും അവര് പറയുന്നു. ജനകീയ മുഖം ആവണമെന്ന നിര്ബന്ധം ബിജെപി പുലര്ത്തുന്നില്ല. ഏതെങ്കിലും തരത്തില് രാഷ്ട്രീയ വൃത്തങ്ങളില് തങ്ങള്ക്ക് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കാന് ശേഷിയുള്ള ആരെയും പാര്ട്ടിയിലേക്ക് സ്വീകരിക്കാമെന്ന നയമാണ് ബിജെപി സ്വീകരിക്കുന്നത്.