അഗർത്തല: ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ ത്രിപുര ജഡ്ജി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. മൊഴി രേഖപ്പെടുത്താനെത്തിയ അതിജീവതയെ ജഡ്ജി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. 23 കാരിയായ യുവതിയാണ് ത്രിപുരയിലെ ധലായ് ജില്ലയിൽ ജില്ലാ സെഷൻ ജഡ്ജിക്കെതിരെ ആരോപണം ഉന്നയിച്ചത്. ജില്ലയിലെ കമാൽപൂർ ബാർ അസോസിയേഷനിലാണ് പരാതി നൽകിയത്. സംഭവത്തിൽ ജില്ലാ സെഷൻസ് ജഡ്ജിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചു.
ധലായ് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ഗൗതം സർക്കാർ, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സത്യജിത് ദാസ് എന്നിവരടങ്ങുന്ന പാനൽ അംഗങ്ങൾ ആരോപണ വിധേയനായ ജഡ്ജിയുടെ ഓഫീസ് സന്ദർശിച്ചു. ബലാത്സംഗ കേസിൽ മൊഴി നൽകാനെത്തിയ പെൺകുട്ടിയെ ജുഡീഷ്യൽ മജിസ്ട്രേറ്റ് തൻ്റെ ചേംബറിൽ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.
ഒറ്റയ്ക്കാണ് തന്നോട് മുറിയിൽ വരാൻ ആവശ്യപ്പെട്ടതെന്നും വനിതാ പൊലീസുകാരോട് പുറത്ത് നിൽക്കാൻ ജഡ്ജി പറഞ്ഞുവെന്നും പരാതിയിൽ പറയുന്നു. അതിജീവത മുറിയിലെത്തിയ ശേഷം ജഡ്ജി വാതിൽ അടച്ചു കുറ്റിയിട്ടു. സംഭവം വിവരിക്കുന്നതിനിടയിൽ, ജഡ്ജി തന്നോട് എഴുന്നേറ്റു നിൽക്കാൻ ആവശ്യപ്പെടുകയും ശരീരത്ത് തൊടുകയുമായിരുന്നു. തുടർന്ന്, ലൈംഗികമായി ഉപദ്രവിക്കുകയും 'ഡിജിറ്റൽ റേപ്പി'ന് വിധേയയാക്കിയെന്നും അതിജീവത പരാതിയിൽ പറഞ്ഞു.
തൻ്റെ ദുരനുഭവം ഭർത്താവിനെ അറിയിച്ചതിനെ തുടർന്ന് അദ്ദേഹം കമാൽപൂർ ബാർ അസോസിയേഷനിലെ അഭിഭാഷകരുടെ ശ്രദ്ധയിൽപ്പെടുത്തി. ഫെബ്രുവരി 13 ന് പെൺകുട്ടിയെ വീട്ടിൽ വെച്ച് 26കാരനായ യുവാവ് ബലാത്സംഗം ചെയ്തതെന്ന പരാതിയിലാണ് പെൺകുട്ടിയും ഭർത്താവും മൊഴി നൽകാൻ കോടതിയിലെത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കമാൽപൂർ ബാർ അസോസിയേഷൻ സെക്രട്ടറിക്കാണ് പരാതി നൽകിയത്. ബാർ അസോസിയേഷൻ പ്രസിഡൻ്റ് പരാതി സ്വീകരിക്കുകയും പരാതി അഡീഷണൽ ജില്ലാ ജഡ്ജിക്ക് കൈമാറുകയും ചെയ്തുവെന്ന് ബാർ അസോസിയേഷനിലെ അഡ്വ. ശിബേന്ദ്ര ദാസ് ഗുപ്ത പറഞ്ഞു.
കമല്നാഥ് എങ്ങോട്ടും പോകില്ല; പ്രഖ്യാപിച്ച് കോണ്ഗ്രസ്