ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് ബിജെപിയിലേക്കെന്ന വാർത്ത ചർച്ചയാകവേ ഭാരത് ജോഡോ ന്യായ് യാത്രയിൽ അദ്ദേഹവും മകൻ നകുൽ നാഥും പങ്കെടുക്കുമെന്ന് വ്യക്തമാക്കി കോൺഗ്രസ് ജനറൽ സെക്രട്ടറി ജിതേന്ദ്ര സിംഗ്. ബിജെപിയിൽ ചേരുമെന്ന ഊഹാപോഹങ്ങൾ ബിജെപിയും മാധ്യമങ്ങളും പ്രചരിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
"കമൽ നാഥ് ഞങ്ങളുടെ പാർട്ടിയിലെ മുതിർന്ന നേതാവാണ്. ഈ ഊഹാപോഹങ്ങളെല്ലാം ബിജെപിയും മാധ്യമങ്ങളും ഉണ്ടാക്കിയതാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ അദ്ദേഹവുമായി സംസാരിച്ചു, ഭാരത് ജോഡോ ന്യായ് യാത്രയെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. കമൽ നാഥ് പങ്കെടുക്കും" അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
കമല്നാഥ് കോണ്ഗ്രസ് വിടില്ലെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തര് നേരത്തെ വ്യക്തമാക്കിയിരുന്നു. കമല്നാഥ് കോണ്ഗ്രസില് തുടരുമെന്നും മകന് നകുല്നാഥ് ചിന്ദ്വാരയിൽ നിന്ന് ലോക്സഭയിലേയ്ക്ക് മല്സരിക്കുമെന്നും കമല്നാഥിന്റെ വിശ്വസ്തര് പറഞ്ഞു. കമൽനാഥ് പാർട്ടിയിൽ തുടരുമെന്നും എങ്ങും പോകുന്നില്ലെന്നും മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരിയും വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കമൽനാഥ് തന്നോട് പറഞ്ഞതായും പട്വാരി കൂട്ടിച്ചേർത്തിരുന്നു. ബിജെപി മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.