ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ച് തനിക്കും പിതാവിനും വിവരം ലഭിച്ചിട്ടുണ്ടെന്ന മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിൻ്റെ അവകാശവാദങ്ങളിൽ ശക്തമായ പ്രതികരണവുമായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. തങ്ങൾ എട്ടുമാസത്തോളം തടവിലായിരുന്നു. ഗുലാം നബി ആസാദ് മാത്രമായിരുന്നു ആ സമയത്ത് സ്വതന്ത്രനായിരുന്ന ഏക ജമ്മുകാശ്മീർ മുഖ്യമന്ത്രി എന്നും ഒമർ അബ്ദുള്ള പ്രതികരിച്ചു.
തിങ്കളാഴ്ച ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ ഗുലാം നബി ആസാദ് നടത്തിയ പരാമർശങ്ങളോടായിരുന്നു ഒമർ അബ്ദുള്ളയുടെ പ്രതികരണം. ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി അസാധുവാക്കുന്നതിൽ “പൊതു നിലപാട്” എടുക്കേണ്ടതുണ്ട് എന്നതിനാൽ തങ്ങളെ വീട്ടുതടങ്കലിൽ പാർപ്പിക്കാൻ ഫാറൂഖ് അബ്ദുള്ളയും ഒമർ അബ്ദുള്ളയും 2019ൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ഗുലാം നബി ആസാദിൻ്റെ പ്രതികരണം. അച്ഛനും മകനും ശ്രീനഗറിൽ ഒരു കാര്യവും ഡൽഹിയിൽ മറ്റൊരു നിലപാടും പറഞ്ഞു. അവർ ബുദ്ധിപരമായ കളി കളിക്കുകയാണെന്നും ടി വി അഭിമുഖത്തിൽ ഗുലാം നബി ആസാദ് ആരോപിച്ചിരുന്നു.
ഈ പരാമർശത്തിനെതിരെ എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു ഒമർ അബ്ദുള്ള ഗുലാം നബി ആസാദിനെതിരെ ആഞ്ഞടിച്ചത്. 'ആരാണ് ആസാദ് (സ്വതന്ത്രൻ), ആരാണ് ഗുലാം (അടിമ), സമയം പറയും, ആളുകൾ തീരുമാനിക്കുമെന്ന് എക്സ് പോസ്റ്റിൽ ഒമർ അബ്ദുള്ള കുറിച്ചു. 'അബ്ദുള്ളയ്ക്ക് 370-നെ കുറിച്ച് അറിയാമായിരുന്നു'. എന്നിട്ടും ഞങ്ങളെ പബ്ലിക് സെഫ്റ്റ് ആക്ട് ഉൾപ്പെടെ ചുമത്തി 8 മാസത്തിലേറെ തടവിലാക്കി. നിങ്ങൾ സ്വതന്ത്രനായിരുന്നു. ഓഗസ്റ്റ് 5ന് ശേഷം സ്വതന്ത്രനായിരുന്ന ജമ്മു കശ്മീരിലെ ഏക മുൻ മുഖ്യമന്ത്രി നിങ്ങളായിരുന്നു' എന്നും എക്സ് കുറിപ്പിൽ ഒമർ അബ്ദുള്ള പറഞ്ഞിട്ടുണ്ട്.
അബ്ദുള്ളമാർ കാശ്മീരിലും ഡൽഹിയിലും മറ്റൊന്ന് പറയുന്നു എന്ന ആരോപണത്തോടും എക്സ് കുറിപ്പിൽ ഒമർ അബ്ദുള്ള പ്രതികരിച്ചു. 2021-ൽ രാജ്യസഭയിൽ നിന്ന് ഗുലാം നബി ആസാദ് വിട പറയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം അനുസ്മരിച്ചായിരുന്നു ഈ വിഷയത്തിലെ ഒമറിൻ്റെ പ്രതികരണം. "'അബ്ദുള്ളമാർ കാശ്മീരിലും ഡൽഹിയിലും മറ്റൊന്ന് പറയുന്നു, എന്നിട്ടും പ്രധാനമന്ത്രി രാജ്യസഭയിൽ നിങ്ങൾക്കായി കരയുകയും എല്ലാ പ്രസംഗങ്ങളിലും ഞങ്ങളെ വിമർശിക്കുകയും ചെയ്യുന്നു. ചെനാബ് താഴ്വരയിൽ കോൺഗ്രസ് വിട്ട് ബിജെപിയെ സഹായിക്കാൻ നിങ്ങൾ സമ്മതിച്ചതിന് ലഭിച്ച പത്മ പുരസ്കാരം മറക്കരുത്. ആരാണ് ആസാദ്, ആരാണ് ഗുലാം, സമയം പറയും, ജനങ്ങൾ തീരുമാനിക്കും' എന്നായിരുന്നു ഒമർ എക്സിൽ കുറിച്ചത്.
താനും പിതാവ് ഫാറൂഖ് അബ്ദുള്ളയും പിഡിപി മേധാവി മെഹബൂബ മുഫ്തിയും അടക്കം മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിമാരെയെല്ലാം ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുമ്പും ശേഷവും തടങ്കലിൽ വച്ചിരുന്നുവെന്ന് ഒമർ എക്സിൽ അനുസ്മരിക്കുന്നുണ്ട്.
Wah bhai wah Ghulam Nabi Azad, so much bile today. Where is the Ghulam that was begging us for Rajya Sabha seats in J&K as recently as 2015? “Abdullahs knew about 370” yet we were detained for more than 8 months including under PSA & you were free, the only ex CM in J&K free… https://t.co/WAbK6hGB4F
— Omar Abdullah (@OmarAbdullah) February 19, 2024