ഹുബ്ബള്ളി: ബജറ്റില് ക്രൈസ്തവ സമുദായത്തിന്റെ ഉന്നമനത്തിന് 200 കോടി രൂപ അനുവദിച്ച സിദ്ധാരാമയ്യ സര്ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്ത് ക്രിസ്ത്യന് കമ്മ്യൂണിറ്റി വെല്ഫെയര് അസോസിയേഷന്. സംസ്ഥാനത്തെ ക്രൈസ്തവ സമുദായത്തില് ഒരുപാട് ദരിദ്രരായ മനുഷ്യരുണ്ട്. ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി ബുദ്ധിമുട്ടുന്നവര്. സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി 200 കോടി രൂപ അനുവദിച്ച സര്ക്കാര് നടപടി വലിയ തോതില് സഹായം ചെയ്യുമെന്ന് പാസ്റ്റര് പീറ്റര് പറഞ്ഞു. കോണ്ഗ്രസ് സര്ക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനും പാസ്റ്റര് പീറ്റര് നന്ദി പറഞ്ഞു.
സമുദായത്തിലെ ഒരുപാട് പേര്ക്ക് വീടുകളില്ല. സര്ക്കാര് സമുദായത്തിലെ ദരിദ്രരായ മനുഷ്യര്ക്ക് വീടുകള് നല്കുകയാണെങ്കില് അവര് സ്വയം പര്യാപ്തരാവും. ഹുബള്ളിയിലെ സമുദായത്തിന്റെ ശ്മശാനത്തില് ഇനിയും ശവസംസ്കാരം നടത്താന് കഴിയില്ല. അതിനാലാണ് സര്ക്കാര് ഹുബ്ബള്ളി ഗദഗ് റോഡില് അഞ്ചേക്കര് സ്ഥലം അനുവദിക്കേണ്ടതെന്നും പാസ്റ്റര് പീറ്റര് പറഞ്ഞു.
സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിന് 393 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സിദ്ധാരാമയ്യയാണ് വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിച്ചത്. ക്രൈസ്തവ വിഭാഗങ്ങളുടെ ഉന്നമനത്തിനായി 200 കോടി രൂപ കൂടാതെ വഖഫ് വസ്തുക്കളുടെ സംരക്ഷണത്തിനായി 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആര്ക്കിയോളജിക്കല് സര്വേ ഓഫ് ഇന്ഡ്യ സംരക്ഷിക്കുന്ന വഖഫ് സ്മാരകങ്ങളുടെ സംരക്ഷണത്തിന് ഊന്നല് നല്കും.
മംഗളൂരുവിലെ ഹജ്ജ് ഭവന് 10 കോടി രൂപ അനുവദിച്ചു. 100 മൗലാന ആസാദ് സ്കൂളുകള് ആരംഭിക്കും. ജൈന വിഭാഗക്കാരുടെ ആരാധനാലയങ്ങള് സംരക്ഷിക്കുന്നതിന് വേണ്ടി 50 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ബുദ്ധ സമുദായത്തിന്റെ പുണ്യ വേദങ്ങളായ ത്രിപ്തികകള് കന്നഡ ഭാഷയിലേക്ക് വിവര്ത്തനം ചെയ്ത് പ്രസിദ്ധീകരിക്കാനുള്ള സാമ്പത്തിക സഹായം നല്കും. സിഖ്ലിഗര് സമുദായ അംഗങ്ങളുടെ സാമ്പത്തിക ഉന്നമനത്തിന് വേണ്ടി രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ബിദാറിലെ ശ്രീ നാനാക് ജിറ സാഹേബ് ഗുരുദ്വാരയുടെ വികസന പ്രവര്ത്തനങ്ങള്ക്കായി ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.