മുംബൈ: മഹാരാഷ്ട്രയിലെ മറാത്ത സമുദായങ്ങളിൽ 21.22 ശതമാനം ആളുകള് ദാരിദ്രരേഖയ്ക്ക് താഴെയെന്ന് മറാത്ത ക്വാട്ട റിപ്പോര്ട്ട് വ്യക്തമാക്കുന്നു. മഹാരാഷ്ട്രയില് നടന്ന കര്ഷക ആത്മഹത്യകളുടെ 94 ശതമാനവും മറാത്ത സമുദായങ്ങളില് നിന്നാണെന്നും റിപ്പോര്ട്ട് ചൂണ്ടിക്കാണിക്കുന്നു. 84 ശതമാനം മറാത്ത സമുദായങ്ങളും നോണ് ക്രീമിലെയര് വിഭാത്തിന് കീഴിലാണ് വരുന്നതെന്നും റിപ്പോര്ട്ട് വ്യക്തമാക്കുന്നു.
മഹാരാഷ്ട്ര സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന് സമര്പ്പിച്ച റിപ്പോര്ട്ടില് സാമൂഹികവും വിദ്യാഭ്യാസവും സാമ്പത്തികവുമായ കാരണങ്ങളുള്ള പിന്നോക്കാവസ്ഥ പരിഗണിച്ച് മറാത്തകള്ക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും 10% സംവരണം വേണമെന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. റിപ്പോർട്ട് ഇതുവരെ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.
മഹാരാഷ്ട്രയുടെ ജനസംഖ്യയില് 28 ശതമാനം മറാത്ത വിഭാഗങ്ങള് ആണെന്ന് വ്യക്തമാക്കുന്ന റിപ്പോര്ട്ടിലാണ് 21.22 ശതമാനം മറാത്ത വിഭാഗങ്ങള് ദാരിദ്രരേഖയ്ക്ക് താഴെയാണെന്ന് വ്യക്തമാക്കിയിരിക്കുന്ന്ത്. സംസ്ഥാന ശരാശരിയായ 17.4 ശതമാനത്തെക്കാള് ഉയര്ന്നതാണ് ഈ നിരക്കെന്നും റിപ്പോര്ട്ട് ചൂണ്ടിക്കാണിക്കുന്നു. മറാത്ത സമുദായങ്ങളിലെ നോണ് ക്രീമിലെയര് വിഭാഗത്തിന് താഴെ വരുന്ന 84 ശതമാനത്തിന്റെയും വാര്ഷിക വരുമാനം 8 ലക്ഷം രൂപയില് താഴെയാണെന്നും റിപ്പോര്ട്ട് വ്യക്തമാക്കുന്നു. റിപ്പോര്ട്ട് തയ്യാറാക്കാന് പരിഗണിച്ച സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ മാനദണ്ഡങ്ങളിലെല്ലാം മറാത്ത വിഭാഗങ്ങള് പിന്നിലാണെന്നാണ് റിപ്പോര്ട്ട് സമഗ്രമായി പരിശോധിക്കുമ്പോള് വ്യക്തമാകുന്നത്.
2024 ജനുവരി 23 മുതല് ഫെബ്രുവരി 2 വരെ 1.54 ലക്ഷം കുടുബങ്ങളിലായി ഉള്പ്പെടുത്തിയാണ് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന് മറാത്ത ക്വാട്ട റിപ്പോര്ട്ടിനായി സര്വ്വെ നടത്തിയത്. 154 ചോദ്യങ്ങളാണ് സര്വ്വെയില് ഉള്പ്പെട്ടിരുന്നത്. 1.96 ലക്ഷം എന്യൂമേറ്റര്മാരെയാണ് സര്വ്വെക്കായി ഉപയോഗിച്ചത്.
കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര നിയമസഭ മറാത്ത സംവരണബില് ഐക്യകണ്ഠേന പാസാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്ക്കാര് ജോലികളിലും മറാത്ത സമുദായങ്ങള്ക്ക് 10 ശതമാനം സംവരണം ഉറപ്പ് നല്കുന്നതാണ് ബില്. നേരത്തേ മറാത്ത വിഭാഗത്തിന് സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ വലിയ രീതിയിലുള്ള പ്രക്ഷോഭം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് മറാത്ത വിഭാഗത്തിന് സംവരണം നൽകണമെന്ന റിപ്പോർട്ട് പുറത്തുവന്നത്.