ലഖ്നൗ: ലോക്സഭ തിരഞ്ഞെടുപ്പില് ഉത്തര്പ്രദേശിലെ വാരണാസി മണ്ഡലത്തില് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സ്ഥാനാര്ത്ഥിയെ നിശ്ചയിച്ച് കോണ്ഗ്രസ്. ഉത്തര്പ്രദേശ് കോണ്ഗ്രസ് അദ്ധ്യക്ഷന് അജയ് റായി ആണ് മോദിക്കെതിരെ മത്സരിക്കുക. ഇന്ഡ്യ മുന്നണിയുടെ ഭാഗമായി കോണ്ഗ്രസിന് ലഭിക്കുന്ന 17 സീറ്റുകളില് ഒമ്പത് സീറ്റുകളില് സ്ഥാനാര്ത്ഥിയെ നിശ്ചയിച്ചതായാണ് വിവരം.
കഴിഞ്ഞ തവണയും അജയ് റായ് തന്നെയായിരുന്നു മണ്ഡലത്തിലെ കോണ്ഗ്രസ് സ്ഥാനാര്ത്ഥി. 152,548 വോട്ടുകളാണ് അജയ് റായി നേടിയത്. സമാജ് വാദി പാര്ട്ടി സ്ഥാനാര്ത്ഥിയും അന്ന് മത്സരരംഗത്തുണ്ടായിരുന്നു. എസ്പി സ്ഥാനാര്ത്ഥിയായ ശാലിനി യാദവ് 195,159 വോട്ടുകളാണ് നേടിയത്. ഇക്കുറി രണ്ട് പാര്ട്ടികളും സഖ്യത്തിലായതിനാല് മണ്ഡലത്തില് വലിയ മുന്നേറ്റം ഉണ്ടാക്കാന് കഴിയുമെന്നാണ് ഇന്ഡ്യ മുന്നണിയുടെ പ്രതീക്ഷ.
2004ല് കോണ്ഗ്രസ് വിജയിച്ച മണ്ഡലം 2009ലാണ് ബിജെപി പിടിച്ചെടുത്തത്. 2009ല് 17,211 വോട്ടുകള്ക്കാണ് അന്നത്തെ ബിജെപി സ്ഥാനാര്ത്ഥിയായ ഡോ. മുരളീ മനോഹര് ജോഷി വിജയിച്ചത്. 2014ല് നരേന്ദ്രമോദി സ്ഥാനാര്ത്ഥിയായി. ആ മത്സരത്തില് 371,784 വോട്ടുകള്ക്കാണ് മോദി വിജയിച്ചത്. രണ്ടാം സ്ഥാനത്ത് അരവിന്ദ് കെജ്രിവാളായിരുന്നു. മൂന്നാം സ്ഥാനത്ത് അജയ് റായിയും.
2009 മുതല് മണ്ഡലത്തില് മത്സര രംഗത്തുള്ള അജയ് റായ് ഇക്കുറി ഐക്യ പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്ത്ഥിയായാണ് മത്സരിക്കുന്നതെന്ന പ്രത്യേകതയുണ്ട്. മണ്ഡലത്തില് ബിഎസ്പി സ്ഥാനാര്ത്ഥിയെ പ്രഖ്യാപിക്കുമോയെന്ന കാര്യത്തില് ഇത് വരെ തീരുമാനമായിട്ടില്ല.