ന്യൂഡല്ഹി: എഡ്യു ടെക് സ്ഥാപനമായ ബൈജൂസ് ഉടമ ബൈജു രവീന്ദ്രന് നിക്ഷേപകരുടെ യോഗത്തില് പങ്കെടുക്കില്ല. ബൈജൂസിന്റെ പാരന്റ് കമ്പനിയില് 30 ശതമാനം ഓഹരിയുള്ളവര് പങ്കെടുക്കുന്ന എക്സ്ട്രാ ഓര്ഡിനറി ജനറല് യോഗത്തില് ബൈജു രവീന്ദ്രനോ ബോര്ഡ് അംഗങ്ങളോ പങ്കെടുക്കില്ല. ബൈജു രവീന്ദ്രന് രാജ്യം വിടാതിരിക്കാന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് നീക്കം. നിലവില് ബൈജു ദുബൈയിലാണ്.
ഗ്രൂപ്പ് സിഇഒ സ്ഥാനത്ത് നിന്നും ബൈജുവിനെ വോട്ടിനിട്ട് നീക്കുകയെന്നതാണ് ഇന്നത്തെ യോഗത്തിന്റെ ഒരു അജണ്ട. ഇജിഎം നടന്ന് 30 ദിവസത്തിനകം പുതിയ ഡയറക്ടര് ബോര്ഡിനെ നിയമിക്കും. അതേസമയം ഇന്നത്തെ ഇജിഎമ്മില് എടുക്കുന്ന തീരുമാനങ്ങള് അന്തിമ ഉത്തരവ് വരുന്നത് വരെ നടപ്പാക്കുന്നത് വരെ കര്ണ്ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില് പറഞ്ഞിട്ടുണ്ട്.
നിയമവിരുദ്ധമായാണ് ഇന്നത്തെ ഇജിഎം യോഗമെന്നും അസാധുവാണെന്നുമാണ് ബൈജൂസ് കമ്പനി വക്താവിന്റെ വിശദീകരണം. എന്നാല് ഇജിഎം സാധുവാണെന്നും നിശ്ചയിച്ച പ്രകാരം തന്നെ നടത്തുമെന്നും നിക്ഷേപകര് അറിയിച്ചു.
ഒരു വര്ഷം മുമ്പ് എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കൊച്ചി ഓഫീസ് ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇത് പിന്നീട് ബെംഗളൂരു ഓഫീസിന് കൈമാറുകയായിരുന്നു. ഇത് പ്രകാരം വ്യക്തിയുടെ വിദേശ യാത്രകള് ഏജന്സിക്ക് അറിയാന് സാധിക്കും. എന്നാല് വിദേശ യാത്ര നടത്തുന്നതില് നിന്നും ഒരാളെ തടയാന് കഴിയുമായിരുന്നില്ല. ഈ ലുക്ക് ഔട്ട് സര്ക്കുലറിലാണ് ഭേദഗതി വരുത്തിയത്.