'കാണാപ്പാഠം മതിയാക്കാം, ഇനി പാഠപുസ്തകം നോക്കി പരീക്ഷ എഴുതാം'; സിബിഎസ്ഇയില് പുതിയ തീരുമാനം

തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നവംബർ–ഡിസംബർ മാസങ്ങളിൽ പരിക്ഷണാടിസ്ഥാനത്തിൽ പരീക്ഷ നടത്തിയതിന് ശേഷമായിരിക്കും അന്തിമ തീരുമാനത്തിലെത്തുക

dot image

ന്യൂഡൽഹി: അടുത്ത അധ്യയന വർഷം സിബിഎസ്ഇ ഒമ്പതാം ക്ലാസ് മുതൽ 12വരെയുള്ള ക്ലാസുകളിൽ പരിക്ഷണാടിസ്ഥാനത്തിൽ ഓപ്പൺ ബുക്ക് പരീക്ഷ നടത്താൻ തീരുമാനം. തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നവംബർ–ഡിസംബർ മാസങ്ങളിൽ പരിക്ഷണാടിസ്ഥാനത്തിൽ പരീക്ഷ നടത്തിയതിന് ശേഷമായിരിക്കും അന്തിമ തീരുമാനത്തിലെത്തുക. പാഠപുസ്തകങ്ങൾ, നോട്ടുകൾ, മറ്റു സ്റ്റഡി മെറ്റീരിയലുകൾ എന്നിവ റഫർ ചെയ്യാനായി പരീക്ഷാ ഹാളിൽ അനുവദിക്കുന്നതാണ് ഓപ്പൺ ബുക്ക് പരീക്ഷ എന്ന് പറയുന്നത്. പരീക്ഷ പൂർത്തിയാക്കാൻ വേണ്ടിവരുന്ന സമയം, മൂല്യനിർണയത്തിന്റെ സാധ്യതകൾ, സ്കൂളുകളുടെ വിലയിരുത്തൽ എന്നിവയെല്ലാം അറിയാനാണ് പരീക്ഷണാടിസ്ഥാനത്തിൽ പരീക്ഷ നടത്തുന്നത്.

പഠിച്ച കാര്യങ്ങൾ വിദ്യാർത്ഥികൾ എത്രത്തോളം മനസ്സിലായെന്ന് പരിശോധിക്കുന്ന രീതിയാണിത്. ഒമ്പത്, 10 ക്ലാസുകളിലെ ഇംഗ്ലീഷ്, കണക്ക്, സയൻസ് എന്നീ വിഷയങ്ങൾ, 11,12 ക്ലാസുകളിലെ ഇംഗ്ലീഷ്, ബയോളജി, കണക്ക് എന്നീ വിഷയങ്ങളിലും ഈ രീതിയിൽ പരീക്ഷ നടത്താനുള്ള മാനദണ്ഡങ്ങൾ ജൂണിൽ തയ്യാറാക്കുമെന്നാണ് വിവരം. അതേസമയം 10,12 ബോർഡ് പരീക്ഷകളിൽ ഈ സംവിധാനം നടപ്പാക്കാൻ തീരുമാനമെടുത്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 2020-22 അധ്യയന വർഷം കൊവിഡിനെ തുടർന്ന് സർവകലാശാലകളിൽ ഇത്തരത്തിൽ പരീക്ഷ നടത്തിയിരുന്നു.

2025–26 അധ്യയന വർഷം മുതൽ 10,12 ബോർഡ് പരീക്ഷകൾ രണ്ട് തവണ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യ പരീക്ഷ നവംബർ–ഡിസംബർ മാസങ്ങളിലും രണ്ടാം പരീക്ഷ ഫെബ്രുവരി–മാർച്ച് മാസങ്ങളിലും നടത്തുമെന്നാണു വിവരം. രണ്ട് തവണയും എഴുതുന്നവരുടെ മെച്ചപ്പെട്ട സ്കോറുകൾ തിരഞ്ഞെടുക്കും. ഓപ്പൺ ബുക്ക് പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതിനായി ഡൽഹി സർവ്വകലാശാലയുടെ സഹായം തേടും. പുതിയ ദേശീയ കരിക്കുലം ഫ്രെയിംവർക്കിൽ ഓപ്പൺ ബുക്ക് പരീക്ഷയുടെ സാധ്യതകൾ പരിഗണിക്കണമെന്ന് നിർദേശമുണ്ട്. തുടർന്നാണ് സിബിഎസ്ഇ കരിക്കുലം കമ്മിറ്റിയുടെ ശുപാർശയ്ക്ക് ഡിസംബറിൽ ചേർന്ന ഗവേണിങ് കൗൺസിൽ യോഗം അംഗീകാരം നൽകിയത്. വിഷയത്തെക്കുറിച്ചുള്ള വിദ്യാർത്ഥിയുടെ ധാരണ, ആശയങ്ങൾ വിശകലനം ചെയ്യുന്നതിനോ പ്രയോഗിക്കുന്നതിനോ ഉള്ള അവരുടെ കഴിവിലുമാണ് മൂല്യനിർണ്ണയം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

dot image
To advertise here,contact us
dot image