'ഇൻഡ്യ സഖ്യത്തെച്ചൊല്ലി തൃണമൂൽ കോൺഗ്രസ് ആശയക്കുഴപ്പത്തിൽ'; അധിർ രഞ്ജൻ ചൗധരി

ഇൻഡ്യ സഖ്യത്തോടൊപ്പം തുടരണമെന്ന് ടിഎംസിയിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നു

dot image

കൊൽക്കത്ത: ഇൻഡ്യ സഖ്യത്തെച്ചൊല്ലി ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ആശയക്കുഴപ്പത്തിലെന്ന പശ്ചിമ ബംഗാൾ കോൺഗ്രസ് പ്രസിഡന്റ് അധിർ രഞ്ജൻ ചൗധരി. മമത ബാനർജിയിൽ നിന്ന് ഒരു ഔദ്യോഗിക പ്രതികരണം ലഭിക്കുന്നില്ല. ഇൻഡ്യ സഖ്യത്തോടൊപ്പം തുടരണമെന്ന് ടിഎംസിയിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നു. സഖ്യത്തിന് മുൻഗണന നൽകിയാൽ മോദി സർക്കാർ തങ്ങൾക്കെതിരെ ഇഡി, സിബിഐ മുതലായ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുമെന്ന് മറ്റൊരു വിഭാഗം ഭയപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. മുർഷിദാബാദിലെ കോൺഗ്രസ് പാർട്ടി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അധിർ രഞ്ജൻ ചൗദരി.

ആശയകുഴപ്പം മൂലം ടിഎംസിക്ക് സഖ്യത്തെക്കുറിച്ച് തീരുമാനമെടുക്കാൻ കഴിയുന്നില്ല. ഇൻഡ്യ സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിച്ചാൽ പശ്ചിമ ബംഗാളിലെ ന്യൂനപക്ഷങ്ങൾ തങ്ങൾക്കെതിരെ വോട്ട് ചെയ്യുമെന്ന് പാർട്ടിയിലെ ഒരു വിഭാഗം വിശ്വസിക്കുന്നു. മറ്റൊരു വിഭാഗം ധർമ്മസങ്കടത്തിലാണ്. സഖ്യത്തിനൊപ്പം നിന്നാൽ മോദി സർക്കാർ തങ്ങൾക്കെതിരെ ഉപയോഗിക്കുമെന്ന് അവർ ഭയപ്പെടുന്നു. ഈ രണ്ട് പ്രതിസന്ധികൾ കാരണം തൃണമൂൽ കോൺഗ്രസ്സിന് വ്യക്തമായ തീരുമാനം എടുക്കാൻ സാധിച്ചിട്ടില്ലെന്ന് അധിർ രഞ്ജൻ ചൗദരി പറഞ്ഞു.

നേരത്തെ, ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോൺഗ്രസ് അറിയിച്ചിരുന്നു. പിന്നീട് പാർട്ടിയും ടിഎംസിയും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ വീണ്ടും ട്രാക്കിലായതായി കോൺഗ്രസ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരം, തൊഴിലില്ലായ്മ കുത്തനെ ഉയർന്നു; യോഗി സർക്കാരിനെതിരെ പ്രിയങ്ക

അടുത്തിടെ ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടിയുമായി കോൺഗ്രസ് സഖ്യം ഉറപ്പിച്ചിരുന്നു. ഉത്തർപ്രദേശിലെ 80 ലോക്സഭാ സീറ്റുകളിൽ കോൺഗ്രസ് 17 സീറ്റുകളിലും സമാജ്വാദി പാർട്ടി 63 സീറ്റുകളിലും മത്സരിക്കും. മഹാരാഷ്ട്രയിൽ ഉദ്ധവ് ബാലാസാഹേബ് താക്കറെയുടെ സേനയുമായും ശരദ് പവാറിൻ്റെ എൻസിപിയുമായും പാർട്ടി സഖ്യത്തിലാണ്. ഡൽഹിയിലെ ഏഴ് ലോക്സഭാ സീറ്റുകളിൽ എഎപി നാലിലും കോൺഗ്രസ് മൂന്നിലും മത്സരിക്കും.

dot image
To advertise here,contact us
dot image