ഡാനിഷ് അലി കോണ്ഗ്രസില് ചേര്ന്നേക്കും; ഇന്ന് ന്യായ് യാത്രക്കൊപ്പം അണിചേരും

സമാജ്വാദി പാര്ട്ടിയുമായുള്ള സീറ്റ് ധാരണ പ്രകാരം അംറോഹ സീറ്റ് കോണ്ഗ്രസിനാണ്.

dot image

ന്യൂഡല്ഹി: ബിഎസ്പിയില് നിന്നും പുറത്തായ അംറോഹ എംപി ഡാനിഷ് അലി കോണ്ഗ്രസിലേക്കെന്ന് സൂചന. ഇന്ന് അംറോഹയിലെത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയില് രാഹുല് ഗാന്ധിക്കൊപ്പം ഡാനിഷ് അലിയും അണിചേരും. എക്സിലൂടെയാണ് ഡാനിഷ് അലി ഇക്കാര്യം അറിയിച്ചത്. അംരോഹയിലെ ജനങ്ങള് രാജ്യത്തെ ശക്തികള്ക്കൊപ്പം നില്ക്കുമെന്നും നിങ്ങളുടെ യാത്ര വിജയകരമാക്കാനുള്ള ഒന്നും ഉപേക്ഷിക്കില്ലെന്നും ഡാനിഷ് അലി അറിയിച്ചു.

സമാജ്വാദി പാര്ട്ടിയുമായുള്ള സീറ്റ് ധാരണ പ്രകാരം അംറോഹ സീറ്റ് കോണ്ഗ്രസിനാണ്. അവിടെ നിന്നും ഡാനിഷ് അലി കോണ്ഗ്രസ് ടിക്കറ്റില് മത്സരിക്കും. ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരില് നിന്നും ആരംഭിച്ച ഘട്ടത്തിലും ഡാനിഷ് അലി യാത്രയുടെ ഭാഗമായിരുന്നു. രാഷ്ട്രീയപ്രവര്ത്തകന് എന്ന നിലയിലെ തന്റെ കര്ത്തവ്യം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നായിരുന്നു അന്ന് പ്രതികരിച്ചത്.

കോണ്ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും ഇന്ന് യാത്രയില് അണി ചേരും. മൊറാദാബാദില് വെച്ചാകും പ്രിയങ്ക യാത്രയുടെ ഭാഗമാവുക. അവിടെ നിന്നും അംരോഹ, സംഭാല്, ബുലന്ദ്ശഹര്, അലിഗഢ്, ഹാത്രസ്, ആഗ്ര എന്നിവിടങ്ങളിലൂടെ ഫത്തേപ്പൂര് സിക്രി വരെയാണ് പ്രിയങ്ക യാത്ര ചെയ്യുകയെന്നാണ് വിവരം.

ന്യായ് യാത്രയുടെ 42ആം ദിവസമാണ് ഇന്ന്. സമാജ്വാദി പാര്ട്ടി അധ്യക്ഷന് അഖിലേഷ് യാദവ് നാളെ രാഹുലിനൊപ്പം യാത്രയില് അണിനിരക്കും. ഉത്തര്പ്രദേശില് ഇന്ഡ്യ സഖ്യത്തിന്റെ സീറ്റ് വിഭജന ചര്ച്ച പൂര്ത്തിയായ സാഹചര്യത്തില് യാത്രയെ വലിയ വിജയമാക്കാനുളള ശ്രമത്തിലാണ് സഖ്യം.

dot image
To advertise here,contact us
dot image