കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആഗ്രയിലെയും മഥുരയിലെയും ജനങ്ങളെ മദ്യപാനികൾ എന്ന് വിളിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി) നേതാവ് ജയന്ത് ചൗധരി. ഭാരത് ജോഡോ യാത്രയ്ക്കിടെ അമേഠിയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തെ ചൊല്ലിയായിരുന്നു ജയന്ത് ചൗധരിയുടെ പരിഹാസം. 'അദ്ദേഹത്തിൻ്റെ യാത്രയ്ക്ക് ആശംസ നേരുന്നു. അദ്ദേഹം ആഗ്രയിലും മഥുരയിലും വന്ന് ഇവിടെയുള്ളവരും മദ്യപാനികളാണെന്ന് പറയില്ലെന്ന് പ്രതീക്ഷിക്കുന്നു', ജയന്ത് ചൗധരി എഎൻഐയോട് പറഞ്ഞു. തൻ്റെ പ്രസംഗത്തിൽ, യുപിയിലെ തൊഴിലില്ലായ്മ വിഷയത്തെക്കുറിച്ച് പരാമർശിക്കവെ വാരണാസിയിൽ യുവാക്കൾ മദ്യപിച്ച് റോഡിൽ കിടക്കുന്നത് കണ്ടതായി രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
“രാജ്യത്തെ യുവാക്കൾക്ക് ജോലിയില്ല. നിങ്ങൾ തൊഴിൽ തേടിയുള്ള പോസ്റ്ററുകൾ നോക്കുക മാത്രമാണ് ചെയ്യുന്നത്. വാരണാസിയിൽ യുവാക്കൾ മദ്യപിച്ച് റോഡിൽ കിടക്കുന്നത് ഞാൻ കണ്ടു. ഇതാണ് യുപിയുടെ ഭാവി, യുവാക്കള് രാത്രിയിൽ റോഡിൽ വച്ച് മദ്യപിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു. മറുവശത്ത് രാമക്ഷേത്രമുണ്ട്. അവിടെ നിങ്ങൾ അംബാനിയെയും അദാനിയെയും കാണും, പക്ഷേ പിന്നാക്കക്കാരില്ല, ദളിതരില്ല. എന്തുകൊണ്ട് അത് നിങ്ങളുടെ സ്ഥലമല്ല? നിങ്ങൾ തെരുവിൽ ജോലിക്കായി യാചിക്കുന്നു. എന്നാല് പണമെണ്ണുകയാണ് അവരുടെ ജോലി"
ഇതിന് പിന്നാലെ ഉത്തർപ്രദേശിലെ യുവാക്കളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ‘നഷേദി’ എന്ന വാക്ക് കേട്ടപ്പോൾ താൻ ഞെട്ടിപ്പോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. കോൺഗ്രസ് കുടുംബത്തിലെ രാജകുമാരനാണ് യുപിയിലെ യുവാക്കളെ ‘നഷേദി’യെന്ന് പറഞ്ഞതെന്ന് രാഹുൽ ഗാന്ധിയുടെ പേര് പരാമർശിക്കാതെ പ്രധാനമന്ത്രി മോദി വിമർശിച്ചിരുന്നു. രാഹുലിന്റെ പരാമർശത്തെ ശക്തമായി അപലപിച്ചുകൊണ്ടായിരുന്നു മോദിയുടെ മറുപടി.