ലഖ്നൗ: അംബേദ്കര് നഗര് എംപി റിതേഷ് പാണ്ഡെ ബിജെപിയില് ചേര്ന്നതിന് പിന്നാലെ മൂന്നിലധികം ബിഎസ്പി എംപിമാര് പാര്ട്ടി വിടുവാന് ആലോചിക്കുന്നുവെന്ന് റിപ്പോര്ട്ട്. ഗാസിപൂര് എംപിയായ അഫ്സല് അന്സാരി നേരത്തെ തന്നെ സമാജ് വാദി പാര്ട്ടിയില് ചേര്ന്നിരുന്നു. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില് ഗാസിപൂരില് നിന്ന് അഫ്സല് അന്സാരി ഇന്ഡ്യ മുന്നണി സ്ഥാനാര്ത്ഥിയായി മത്സരിക്കും.
അംറോഹ എംപിയായ ഡാനിഷ് അലി, ജോന്പൂര് എംപി ശ്യാം സിങ് യാദവ് എന്നിവര് ബിഎസ്പി വിട്ട് കോണ്ഗ്രസില് ചേര്ന്നേക്കും. ഇരുവരെയും അതത് സീറ്റുകളില് തന്നെ ഇന്ഡ്യ മുന്നണി സ്ഥാനാര്ത്ഥികളാക്കാനാണ് കോണ്ഗ്രസ് ആലോചിക്കുന്നത്. ഒരു എംപി ആര്എല്ഡിയോടൊപ്പം ചേരാനാണ് ആലോചിക്കുന്നത്.
റിതേഷ് പാണ്ഡെയോടൊപ്പം തന്നെ ബിഎസ്പി എംപിയായ സംഗീത ആസാദും ബിജെപിയില് എത്തിയേക്കും. കഴിഞ്ഞ തവണ വിജയിച്ച 10 ബിഎസ്പി എംപിമാരില് ആകെ രണ്ട് പേര് മാത്രമേ ഇപ്പോള് ബിഎസ്പി അദ്ധ്യക്ഷ മായാവതിയോടൊപ്പം അവശേഷിക്കുന്നുള്ളുവെന്നാണ് വിവരം.
ഇന്ഡ്യ മുന്നണിയുടെ ഭാഗമാവാന് കോണ്ഗ്രസ് ബിഎസ്പിയെ ക്ഷണിച്ചിരുന്നുവെങ്കിലും മായാവതി ആ ക്ഷണത്തെ തള്ളിക്കളഞ്ഞിരുന്നു. ഒറ്റക്ക് മത്സരിക്കുമെന്നാണ് ബിഎസ്പി പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്ഗ്രസും സമാജ്വാദി പാര്ട്ടിയും സഖ്യത്തിലെത്തിയതോടെ സംസ്ഥാനത്ത് എന്ഡിഎ-ഇന്ഡ്യ മുന്നണി മത്സരത്തിലേക്ക് മാത്രം മാറിയെന്നും അതോടെ ബിഎസ്പിക്ക് വലിയ സാധ്യതയില്ലെന്നാണ് എംപിമാരുടെ വിലയിരുത്തല്. അതോടെയാണ് മറ്റുപാര്ട്ടികളിലേക്ക് ചേക്കേറാനുള്ള കാരണം.