ന്യൂഡല്ഹി: നരേന്ദ്രമോദി സര്ക്കാര് നടപ്പിലാക്കിയ അഗ്നിപഥ് പദ്ധതി വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില് വിജയിച്ച് അധികാരത്തിലെത്തിയാല് നിര്ത്തലാക്കുമെന്ന് വാഗ്ദാനം ചെയ്ത് കോണ്ഗ്രസ്. പഴയ റിക്രൂട്ട്മെന്റ് സംവിധാനത്തിലേക്ക് മടങ്ങുമെന്നും കോണ്ഗ്രസ് അദ്ധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ പറഞ്ഞു.
പഴയ റിക്രൂട്ട്മെന്റ് സംവിധാനം നിര്ത്തലാക്കിയതോടെ യുവജനങ്ങള് അനുഭവിക്കുന്ന ഈ കഠിനമായ അനീതിക്കെതിരെ രാഷ്ട്പതി ദ്രൗപദി മുര്മു സഹായിക്കണമെന്നും ഖാര്ഗെ പറഞ്ഞു. കര, നാവിക, വ്യോമ സേനകളില് 4 വര്ഷത്തെ ഹ്രസ്വസേവനത്തിനായി നടപ്പാക്കിയ പദ്ധതിയാണ് അഗ്നിപഥ്. 4 വര്ഷത്തിനു ശേഷം 25% പേരെ സേനകളില് നിലനിര്ത്തി ബാക്കിയുള്ളവരെ ഒഴിവാക്കുകയാണ് ചെയ്യുന്നത്. നേരത്തെ തന്നെ കോണ്ഗ്രസ് അഗ്നിപഥ് പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു.
സായുധ സേനയിലേക്കുള്ള താല്ക്കാലിക തിരഞ്ഞെടുപ്പിന് ശേഷം ഒന്നര ലക്ഷം ഉദ്യോഗാര്ഥികള് കരാര് കാലാവധി കഴിയുമ്പോള് തൊഴില് രഹിതരാകുമെന്നാണ് കോണ്ഗ്രസ് പങ്കുവയ്ക്കുന്ന ആശങ്ക. അഗ്നിപഥ് പദ്ധതി സമൂഹത്തിലെ വലിയൊരു വിഭാഗത്തെ ബാധിച്ചു. കുറച്ച് വര്ഷങ്ങള്ക്ക് ശേഷം രാജ്യത്തെ സംരക്ഷിക്കാന് സായുധ സേനയ്ക്ക് കഴിയില്ലെന്ന് കോണ്ഗ്രസ് നേരത്തെ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസുരക്ഷ വച്ചാണ് കളിക്കുന്നതെന്ന് കോണ്ഗ്രസ് എക്സ് സര്വീസ്മെന് സെല് മേധാവി കേണല് രോഹിത് ചൗധരി പറഞ്ഞിരുന്നു.
'നമുക്ക് കരാര് സൈനികരെ ആവശ്യമില്ല. സാധാരണ സൈനികര്ക്ക് മാത്രമേ രാജ്യത്തെ രക്ഷിക്കാന് കഴിയൂ. സായുധ സേനയില് ഇതിനകം മൂന്ന് ലക്ഷം സൈനികര് കുറവാണ്. 10 വര്ഷം കഴിയുമ്പോള് ഇന്ത്യയില് 10 ലക്ഷം സൈനികര് മാത്രമേ ഉണ്ടാകൂ, അതില് മൂന്ന് ലക്ഷം മാത്രമാണ് സാധാരണ സൈനികര്. ഇത് നമ്മുടെ രാജ്യത്തെ ദുര്ബലമാക്കും. നമ്മള് വീണ്ടും അടിമത്തത്തിലേക്ക് വഴുതി വീഴും', ചൗധരി അന്ന് പറഞ്ഞു.
സൈനികരോട് കൂടിയാലോചിച്ചിട്ടില്ല, അഗ്നിപഥ് മോദിയുടെ തലച്ചോറില് ഉദിച്ചതാണ്. ഇത് സൈനികര്ക്കിടയില് ഭിന്നത സൃഷ്ടിച്ചെന്നും ചൗധരി കൂട്ടിച്ചേര്ത്തിരുന്നു.