ബെംഗളൂരു: ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാനിൽ മലയാളിയും. ടെസ്റ്റ് പൈലറ്റുമാരുടെ പേരുകൾ പുറത്തുവന്നു. മലയാളിയായ പ്രശാന്ത് നായരാണ് സംഘത്തിലുള്ള മലയാളി. അംഗദ് പ്രതാപ്, ചൗഹാൻ, അജിത് കൃഷ്ണൻ എന്നിവരാണ് മറ്റുള്ളവർ. നാലുപേരാണ് ദൗത്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക പ്രഖാപനം നടത്തും.
ദൗത്യം വിജയിച്ചാൽ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. സ്ക്വാഡ്രൺ ലീഡർ റാങ്കിലുള്ള ഓഫീസറായ പ്രശാന്ത് പാലക്കാട് നെന്മാറ സ്വദേശിയാണ്. രണ്ടോ മൂന്നോ അംഗങ്ങളുള്ള ഒരു സംഘത്തെ ഭൂമിക്ക് ചുറ്റുമുള്ള 400 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് ഒന്നോ മൂന്നോ ദിവസത്തെ ദൗത്യത്തിനായി കൊണ്ടുപോകാനും അവരെ സുരക്ഷിതമായി തിരികെ കൊണ്ടുവരാനുമുള്ള ഇന്ത്യയുടെ പ്രാപ്തി തെളിയിക്കുകയാണ് ഗഗൻയാൻ പദ്ധതിയുടെ ലക്ഷ്യം.
2025-ലാകും ഗഗൻയാൻ ദൗത്യം. ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി യന്ത്രവനിത ‘വ്യോമമിത്ര’യെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ പരീക്ഷണ ദൗത്യം ‘ജിഎക്സ്’ 2024 ജൂണിൽ വിക്ഷേപിക്കും.